Quantcast

"നിങ്ങളുടെ വാക്കുകൾ എന്നെ വിനയാന്വിതയാക്കുന്നു"; ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മറുപടിക്കത്ത് കണ്ട് ആശ്ചര്യം മാറാതെ ആയിഷ

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമറിയിച്ച് പാലക്കാട് സ്വദേശി ആയിഷ അയച്ച കത്തിനാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ മറുപടി ലഭിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Jun 2021 11:19 AM GMT

നിങ്ങളുടെ വാക്കുകൾ എന്നെ വിനയാന്വിതയാക്കുന്നു; ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മറുപടിക്കത്ത് കണ്ട് ആശ്ചര്യം മാറാതെ ആയിഷ
X

ഒരു കത്തുകിട്ടിയ സന്തോഷത്തിലാണ് പാലക്കാട് സ്വദേശിനി ആയിഷ. വെറുമൊരു കത്തിനെന്തിനിത്ര സന്തോഷിക്കാനെന്ന് ചിന്തിക്കേണ്ട. ഒരു വിവിഐപി കത്തായിരുന്നു അത്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണാണ് ആയിഷയ്ക്ക് കത്തയച്ചിരിക്കുന്നത്! സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ആയിഷ എഴുതിയ കത്തിനാണ് ജസീന്ത മറുപടി നൽകിയത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊടലൂര്‍ സ്വദേശിനിയായ ആയിഷ ഷമീർ ഒരു സാധാരണ വീട്ടമ്മയാണ്. എന്നാൽ സ്ത്രീ ശാക്തീകരണത്തിനായി ലോകത്തുടനീളം നടക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട്. അങ്ങനെയാണ് ന്യൂസിലൻഡിലെ ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ജസീന്ത ആർഡേണിന്റെ പ്രവർത്തനങ്ങൾ അറിയുന്നത്. സ്വന്തം മന്ത്രിസഭയിലടക്കം സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ജസീന്തയെ അഭിനന്ദിച്ച് ആയിഷ ഒരു കത്തയച്ചു.

കത്തിന് മറുപടി ലഭിക്കുമെന്ന് ആയിഷ ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്നാൽ, അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് ഇപ്പോൾ ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മറുപടിയെത്തിയിരിക്കുന്നു. കത്തിന് നന്ദി അറിയിച്ചായിരുന്നു മറുപടി അയച്ചത്. നിങ്ങളുടെ ആർദ്രമായ വാക്കുകൾ എന്നെ വിനയാന്വിതയാക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ജസീന്തയുടെ മറുപടിക്കത്ത് ആരംഭിക്കുന്നത്. തുടർന്ന് ഓരോ വരിക്കും മറുപടി പറുന്നുണ്ട്. ഒടുവിൽ ഒപ്പുംവച്ചാണ് ജസീന്ത ആയിഷയ്ക്ക് മറുപടിക്കത്ത് അയച്ചിരിക്കുന്നത്.

സംഭവം നാട്ടുകാർ അറിഞ്ഞതോടെ ആയിശയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. യൂടൂബിലും സമൂഹമാധ്യമങ്ങളിലുമുള്ള ജസീന്തയുടെ പ്രസംഗങ്ങൾ കേൾക്കുകയാണ് ആയിഷ ഷമീറിന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. ഭാരതിയാർ സർവകലാശാലയ്ക്കു കീഴിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ആയിഷ. ഒറ്റപ്പാലം പഴയലക്കിടി പടിഞ്ഞാറേക്കര പരേതനായ റഫീഖിന്റെയും റുഖിയയുടെയും മകളാണ്. കൊട്ടാരത്തിൽ ഷമീറാണ് ഭർത്താവ്.

TAGS :

Next Story