Quantcast

ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി; 'പൈനാവ് ഡിവിഷനിൽ മത്സരിക്കും'

പാർട്ടിയെ ഒറ്റുകൊടുത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് നിഖിൽ പൈലിയുടെ പ്രഖ്യാപനം.

MediaOne Logo

Web Desk

  • Updated:

    2025-11-19 13:41:19.0

Published:

19 Nov 2025 5:05 PM IST

ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിഖിൽ പൈലി; പൈനാവ് ഡിവിഷനിൽ മത്സരിക്കും
X

ഇടുക്കി: സ്ഥാനാർഥി പ്രഖ്യാപനം വൈകുന്ന ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ മത്സരിക്കുമെന്ന് നിഖിൽ പൈലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ പരിഗണിച്ചിരിക്കുന്നവരെ സ്ഥാനാർഥിയാക്കിയാൽ താനും മത്സരിക്കുമെന്നാണ് നിഖിലിന്റെ മുന്നറിയിപ്പ്. പാർട്ടിയെ ഒറ്റുകൊടുത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് നിഖിൽ പൈലിയുടെ പ്രഖ്യാപനം.

'ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥി ആക്കിയാൽ ഞാനും മത്സരിക്കും. വാർഡിൽ തോറ്റ ആളുകളെ ഇറക്കി സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൽട്ട് ഉണ്ടാകും'- എന്നാണ് നിഖിൽ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇടുക്കിയിൽ യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച അനന്തമായി നീളുന്നതിനിടെയാണ് മറ്റൊരു വിമത ശബ്ദം കൂടി ഉയരുന്നത്. മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വർഗീസിനെയാണ് കോൺഗ്രസ് പൈനാവ് ഡിവിഷനിലേക്ക് പരിഗണിക്കുന്നത്. കെപിസിസി അംഗമായ കെ.പി ഉസ്മാനെയും പരിഗണിക്കുന്നുണ്ട്. ഇതിനെതിരെയാണ് നിഖിൽ പൈലിയുടെ പോസ്റ്റ്. ഒരു യുവനേതാവിനെ പരിഗണിക്കണം എന്നാണ് നിഖിലിന്റെ ആവശ്യം.


ഇടുക്കി ജില്ലാ പഞ്ചായത്തിലെ ഏഴ് ഡിവിഷനുകളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന അഞ്ചിടങ്ങളിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ കോൺഗ്രസിനായിട്ടില്ല. പലയിടങ്ങളിലും വിമത ഭീഷണിയുമുണ്ട്. അവശേഷിക്കുന്ന ഇടങ്ങളിൽ ഇന്ന് വൈകീട്ടോടെ കോൺ​ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനു മുമ്പാണ് വെല്ലുവിളിയുമായി നിഖിൽ പൈലി രംഗത്തെത്തിയത്.

അതേസമയം, അങ്ങനെയെങ്കിൽ നിഖിൽ പൈലി മത്സരിക്കട്ടെ എന്നും വെല്ലുവിളിയൊന്നും കോൺഗ്രസിനോട് വേണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിനോട് ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിന്റെ പ്രതികരണം. സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, വിവാദമായതോടെ നിഖിൽ പൈലി പോസ്റ്റ് പിൻവലിച്ചു.

ഇടുക്കി ജില്ലയിൽ എൽഡിഎഫ് നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് നാമനിർദേശ പത്രികയും സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വൈകീട്ട് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത്.




TAGS :

Next Story