മലപ്പുറത്ത് ഒരു വാര്‍ഡിലേക്ക് മത്സരിക്കാന്‍ ഒമ്പത് സ്ഥാനാർഥികൾ; കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും ലീഗിൽ നിന്ന് രണ്ടുപേരും പത്രിക നൽകി
വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്

മലപ്പുറം: മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡില്‍ മത്സരിക്കാന്‍ യുഡിഎഫ് സ്ഥാനാർഥികളുടെ കുത്തൊഴുക്ക്. ഒമ്പത് യുഡിഎഫ് സ്ഥാനാർഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.
കോണ്‍ഗ്രസിൽ നിന്ന് ഏഴുപേരും ലീഗിൽ നിന്ന് രണ്ട് പേരും പത്രിക നൽകി. വിഭാഗീയത അവസാനിപ്പിക്കാൻ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികൾ കൂട്ടമായി പത്രിക നൽകിയത്.ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും തീരുമാനമായില്ല. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങൽ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകിയവർക്ക് ഇന്ന് കൂടി സ്ഥാനാർഥിത്വം പിൻവലിക്കാന്‍ അവസരമുണ്ട്. 1,54,547 നാമനിർദേശപത്രികൾ ലഭിച്ചപ്പോൾ 2,479 എണ്ണം തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
മൂന്ന് വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ വരണാധികാരിക്ക് നോട്ടീസ് നൽകാം.ഇതിന് ശേഷം അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. വിമതരെ പിൻവലിക്കാനുള്ള നീക്കം മുന്നണികൾ സജീവമാക്കി. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
Adjust Story Font
16

