നിതിന്‍ രാജിൻ്റെ മരണം: ഡോ. സംഗീത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഡോ. സംഗീത ഹാജരായത്

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഓറല്‍ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ.ടി സംഗീത നമ്പ്യാർ പൊലീസിന് മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഡോ. സംഗീത ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ഹരിപ്രസാദിന് മുന്നില്‍ ഹാജരായ ഡോ. സംഗീതയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കേസിലെ രണ്ടാംപ്രതിയാണ് ഡോ. സംഗീത.
നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. റാമിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാതിയുടെ പേരില്‍ തെറ്റായ പ്രസ്താവനകള്‍ നല്‍കി രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും പൊലീസും പ്രോസിക്യൂഷനും ഇത് കളവാണെന്ന് തെളിയിച്ചിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതേസമയം, ഡോക്ടര്‍ സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതിയായ ഡോ. എം.കെ റാം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.
നിതിന്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ നടക്കും. 52 ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹര്‍ത്താല്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള നിരവധി സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
Adjust Story Font
16

