Quantcast

നിതിൻ രാജിന്‍റെ മരണം; ലോൺ ആപ്പുകാരുടെ ഭീഷണി തള്ളാതെ പൊലീസ്

അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസ്സേജുകൾ പരിശോധിക്കും

MediaOne Logo

Web Desk

  • Published:

    13 April 2026 8:14 AM IST

നിതിൻ രാജിന്‍റെ മരണം; ലോൺ ആപ്പുകാരുടെ ഭീഷണി തള്ളാതെ പൊലീസ്
X

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പുകാരുടെ ഭീഷണി തള്ളാതെ പൊലീസ്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അധ്യാപികയുടെ ഫോണിലേക്ക് വന്ന ലോൺ ആപ്പിന്റെ മെസേജുകൾ അന്വേഷണ പരിധിയിലുണ്ട്. നിതിൻ ജീവനൊടുക്കുന്നതിന് മുമ്പും ടീച്ചർക്ക് സന്ദേശങ്ങൾ വന്നതായാണ് കണ്ടെത്തൽ. ടീച്ചറുടെ നമ്പർ ലോൺ സംഘത്തിന് എങ്ങനെ കിട്ടി എന്നത് നിർണായകമാകും. അധ്യാപികയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ, ലോൺ ആപ്പിന്റെ കാര്യം അറിയാമായിരുന്നെന്ന് കുടുംബം പറഞ്ഞു. മകന്റേത് കൊലപാതകമെന്ന് പിതാവ് ആവർത്തിച്ചു. അധ്യാപകൻ റാമിനെതിരെ നിതിൻ പരാതി കൊടുത്തിരുന്നുവെന്നും ടീച്ചറുടെ പേരിൽ ലോൺ എടുക്കാനാവില്ലെന്ന് ചിന്തിക്കാമല്ലോയെന്നും നിതിൻ്റെ സഹോദരീ ഭർത്താവ്‌ ചോദിച്ചു. ലോൺ ആപ്പ് വഴി വായ്പ എടുത്തിരുന്നുവെന്ന് നിതിൻ രാജിൻ്റെ പിതാവ് രാജൻ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ലോൺ എടുത്തത്. ഇക്കാര്യം നിതിൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. വീട്ടുകാരുടെ സഹായത്തോടെ നിതിൻ വായ്പ തിരിച്ചടച്ച് തുടങ്ങിയിരുന്നു.

ലോൺ ആപ്പ് ഭീഷണിയുണ്ടെങ്കിൽ കോളജ് അധികൃതർക്ക് ബന്ധുക്കളെ അറിയിക്കാമായിരുന്നു. മറ്റ് പല കാര്യങ്ങൾക്കും നിരന്തരം വിളിച്ചിരുന്ന അധ്യാപകർ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തത്. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മനസാക്ഷിയുള്ള ഏതെങ്കിലും വിദ്യാർഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്ന് പറയണമെന്നും രാജൻ

തിരുവനന്തപുരം ഉഴമലയ്ക്കൽ കൊറ്റാമല സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'തെരുവ് പട്ടി' എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

കോളജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും, മറ്റു വിദ്യാർഥികളുടെ മുൻപിൽ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകൻ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്.

സ്റ്റാഫ് റൂം കേന്ദ്രീകരിച്ച് വിദ്യാർഥികൾ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

TAGS :

Next Story