'ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഎം നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ല'; പി.കെ ശശിക്കെതിരെ എൻ.എൻ കൃഷ്ണദാസ്
തെറ്റ് തിരുത്തിയാൽ പി.കെ ശശിക്ക് ഇനിയും പാർട്ടിയിലേക്ക് വരാമെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു

പാലക്കാട്: പി.കെ ശശിയെപ്പോലെ ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു സിപിഎം നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എൻ.എൻ കൃഷ്ണദാസ്. നേതാക്കളുടെ അമിതമായ ലാളന കൊണ്ടാവും ശശി പാർട്ടിക്കെതിരെ തിരിഞ്ഞതെന്നും സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.
'സിപിഎമ്മിന്‍റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല.ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യമാണ്.തെറ്റ് തിരുത്തിയാൽ പി.കെ ശശിയ്ക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയാണ്.ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. വിട്ടുപോയവരെല്ലാം പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നതാണ് ചരിത്രം. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകും.പോയവരെല്ലാം വൈകാരികത തണുക്കുമ്പോൾ തിരിച്ചു വരും'. കൃഷ്ണദാസ് പറഞ്ഞു.
വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുന്‍ എംഎല്‍എ പി.കെ ശശിക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ശശിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു അറിയിച്ചു. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ശശി തെളിയിക്കണമെന്നും ശരിയാണെന്ന് തെളിയിക്കാനായാല്‍ രാഷ്ട്രീയജീവിതം മതിയാക്കുമെന്നും സുരേഷ് ബാബു വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
പാലക്കാട്ട് സംഘടിപ്പിച്ച വിമത കണ്‍വെന്‍ഷനില്‍ വെച്ചാണ് സുരേഷ് ബാബുവിനെതിരെ ശശി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇമ്പിച്ചി ബാവയും ശിവദാസനേയും പോലുള്ള മഹാന്മാര്‍ ഇരുന്ന കസേരയില്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നുവെന്നതടക്കമായിരുന്നു ശശിയുടെ വിമര്‍ശനം. തൊട്ടുപിന്നാലെയാണ് നടപടി.
Adjust Story Font
16

