Quantcast

തിരുവമ്പാടി, പട്ടാമ്പി സീറ്റുകള്‍ വെച്ചുമാറാനുള്ള കോണ്‍ഗ്രസ് - മുസ്‌ലിം ലീഗ് ചര്‍ച്ചയില്‍ ധാരണയായില്ല

തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ലീഗിൻ്റെ വിലയിരുത്തല്‍

MediaOne Logo

Web Desk

  • Published:

    9 March 2026 10:18 PM IST

No agreement reached in Congress–Muslim League talks on seat swapping
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി, പട്ടാമ്പി സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - മുസ്‌ലിം ലീഗ് ചര്‍ച്ചയില്‍ ധാരണയായില്ല. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിച്ചേക്കും. അതേസമയം, കോങ്ങാട്, ബാലുശ്ശേരി വെച്ചുമാറല്‍ ധാരണയായി. പുനലൂരിന് പകരം ചടയമംഗലമോ ഇരവിപുരമോ ലീഗിന് ലഭിച്ചേക്കും.

40 ശതമാനത്തിലേറെ മുസ്‌ലിം വോട്ടര്‍മാരുള്ള തിരുവമ്പാടി സീറ്റ് കൈവിടുന്നത് തിരുവമ്പാടിയില്‍ മാത്രമല്ല, മറ്റ് സീറ്റുകളിലും തിരിച്ചടിയാകുമോയെന്ന ആശങ്ക ലീഗിനുണ്ട്. കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന പട്ടാമ്പി സീറ്റില്‍ പെട്ടെന്ന് മത്സരിക്കുന്നത് പ്രാദേശികമായി ഗുണകരമാകില്ലെന്നും ലീഗ് കരുതുന്നു. ഇതോടെയാണ് തിരുവമ്പാടി, പട്ടാമ്പി സീറ്റുകള്‍ വെച്ചുമാറേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്.

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രാദേശിക ഘടകങ്ങളും തിരുവമ്പാടി സീറ്റ് കൈവിടുന്നതിന് എതിരായിരുന്നു. ഇതും ലീഗിന്റെ തീരുമാനത്തെ സ്വാധീനിച്ചു. പട്ടാമ്പിയില്‍ സീറ്റ് പ്രതീക്ഷിച്ച് റിയാസ് മുക്കോളി, ടി.പി ഷാജി തുടങ്ങിയവര്‍ രംഗത്തുണ്ട്. അവിടെ പെട്ടെന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്രത്തോളം അംഗീകരിക്കുമെന്ന സംശയവും ലീഗിനുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാനും പകരം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സീറ്റില്‍ ലീഗ് മത്സരിക്കാനും ധാരണയായി. കൊല്ലത്തെ പുനലൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. പകരം ചടയമംഗലമോ ഇരവിപുരമോ ലീഗിന് ലഭിക്കും. ലീഗ് അധിക സീറ്റിനായി വാശിപിടിക്കാത്തതിനാല്‍ കോണ്‍ഗ്രസ് - ലീഗ് സീറ്റ് ചര്‍ച്ചകള്‍ അധികം വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story