ആത്മകഥാ വിവാദം: 'ഡിസി ബുക്സ് തെറ്റ് സമ്മതിച്ചു'; തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ.പി ജയരാജൻ
ആരോടും പ്രതികാര മനോഭാവമില്ലെന്നും ജയരാജൻ

കണ്ണൂര്‍: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ.പി ജയരാജൻ .ഡി സി ബുക്സ് തെറ്റ് സമ്മതിച്ചു, ആരോടും പ്രതികാര മനോഭാവമില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന ദിവസമായിരുന്നു 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം' എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നത്. രണ്ടാം പിണറായി സർക്കാരിനെതിരെയും പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി.സരിനെതിരെയുമുള്ള വിമര്‍ശനം വിവാദങ്ങൾക്ക് ആക്കം കൂട്ടി. തൊട്ടുപിന്നാലെ പുറത്തുവന്നതൊക്കെയും നിഷേധിച്ച് ഇ.പി ജയരാജൻ രംഗത്തെത്തി.
ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തനിക്കും പാർട്ടിക്കും എതിരായ ആസൂത്രിത ഗൂഢാലോചനയെന്നു മായിരുന്നു ജയരാജന്റെ വാദം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകി. ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിനെ പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കയാണ് ഇ.പിയുടെ നാടകീയ നീക്കം.
ഡി.സി ബുക്സ് കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് പിന്മാറ്റം എന്നാണ് ഇ പി ജയരാജന്റെ വാദം. തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ ആത്മകഥ വിവാദത്തിന് പിന്നിലുണ്ടന്നും എന്നാൽ പകരം വീട്ടാൻ താനില്ലന്നും ഇ.പി ജയരാജൻ പറഞ്ഞു.
Adjust Story Font
16



