Quantcast

ഫലസ്തീൻ വിഷയത്തെക്കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട: ശശി തരൂർ എംപി

യാസർ അറഫാത്തിനെ നാലഞ്ച് പ്രാവശ്യം നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം കിട്ടിയയാളാണെന്നും ശശി തരൂർ

MediaOne Logo

Web Desk

  • Published:

    14 Nov 2023 10:40 AM GMT

No one should teach me about Palestine issue: Shashi Tharoor MP
X

തിരുവനന്തപുരം: ഫലസ്തീൻ വിഷയത്തെക്കുറിച്ചും ഇന്ത്യയുടെ നയത്തെ കുറിച്ചും തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസ് എപ്പോഴും പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്നും ഇത് കേരള രാഷ്ട്രീയത്തിന്റെ വിഷയമല്ലെന്നും മനുഷ്യാവകാശ പ്രശ്‌നമാണെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. താൻ ഈ വിഷയത്തിൽ നല്ലവണ്ണം ബന്ധപ്പെട്ട വ്യക്തിയാണെന്നും യാസർ അറഫാത്തിനെ നാലഞ്ച് പ്രാവശ്യം നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം കിട്ടിയയാളാണെന്നും വ്യക്തമാക്കി. അറഫാത്തിന്റെ ഖബറിടത്തിൽ ചെന്ന് പുഷ്പാർച്ചന നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഫലസ്തീൻ ജനങ്ങൾക്കിടയിലെ രാഷ്ട്രീയത്തെ കുറിച്ച് പറയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

മുമ്പ് മുസ്ലിം ലീഗ് കോഴിക്കോട്ട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഹമാസ് പോരാളികളെ തീവ്രവാദികളെന്ന് വിളിക്കുന്ന തരത്തിലുള്ള ശശി തരൂരിന്റെ പരാമർശം വിവാദമായിരുന്നു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു ലീഗ് റാലി ഉദ്ഘാടനം ചെയ്ത തരൂർ പറഞ്ഞത്. ഈ പരാമർശം കോൺഗ്രസിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞിരുന്നു. തരൂർ പ്രസ്താവന തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞതാണ് വിഷയത്തിൽ കോൺഗ്രസ് നിലപാടെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. തരൂരിന്റെ ആ ഒരു വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ചില നിർദേശങ്ങൾ വർക്കിങ് കമ്മിറ്റി തള്ളിയതാണ്. വർക്കിങ് കമ്മിറ്റിയുടെ ശക്തമായ നിലപാട് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞിരുന്നു.

അതേസമയം, ചില നേതാക്കളുടെ പ്രസംഗം വിവാദമായത് മറക്കാനാണ് യു.ഡി.എഫ് കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചും നടത്താം. നവ കേരള സദസ്സ് സംഘടിപ്പിക്കാൻ മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ചതാണ്. ഇസ്രായേലിനെതിരെ നടത്തേണ്ട സമരം എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിക്ക് എത്രത്തോളം ഒരുക്കങ്ങൾ വേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇത് അറിയാത്തവരല്ല ആ ദിവസം തന്നെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി വെച്ചവർ. ഇസ്രായേലിനെതിരെ നടത്തേണ്ട സമരം എൽ.ഡി.എഫ് സർക്കാരിനെതിരെ നടത്തുന്നത് ശരിയല്ല. ഗാസയിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദി ഈ സർക്കാരാണോ. യഥാർത്ഥ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനു എന്തെങ്കിലും നിലപാടുണ്ടോ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. ഫലസ്തീൻ വിഷയത്തിൽ ആദ്യം കോൺഗ്രസ് ഒരു നിലപാടെടുക്കണമെന്നും റിയാസ്് പരിഹസിച്ചു.

കേരളത്തിൽ നടക്കുന്ന പോലെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുമോ. കോഴിക്കോട് വേറെയും സ്ഥലങ്ങളുണ്ട് ഫലസ്തീൻ ഐക്യദാർഢ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ വെച്ചും നടത്താം. ഇവർക്ക് മറ്റു സ്ഥലങ്ങളിൽ പരിപാടി നടത്താനുള്ള സഹായം ചെയ്തു തരാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ പ്രസംഗിക്കുന്ന നേതാക്കൾ നിലപാട് പറയണമെന്നു മാത്രമേ പറയാനുള്ളുവെന്നും റിയാസ് പറഞ്ഞു.

അതേസമയം കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ പ്രവീൺകുമാർ ആരോപിച്ചു. മുഖ്യമന്ത്രി എതിർത്താലും റാലിയുമായി മുന്നോട്ട് പോകും. കോൺഗ്രസ് റാലി എവിടെ വെക്കണമെന്നത് റിയാസും സിപിഎമ്മും അല്ല തീരുമാനിക്കുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.

TAGS :

Next Story