Quantcast

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വേദനയില്ല, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും: സി.സി മുകുന്ദൻ എംഎൽഎ

തന്‍റെ പേരിൽ പാർട്ടി പണം പിരിക്കാൻ ശ്രമിച്ചുവെന്നും ഒരു സഹായവും ചെയ്തില്ലെന്നും മുകുന്ദൻ എംഎൽഎ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-03-10 16:01:09.0

Published:

10 March 2026 9:12 PM IST

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ വേദനയില്ല, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും: സി.സി മുകുന്ദൻ എംഎൽഎ
X

തൃശൂര്‍: പേയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയതിന് സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍. പുറത്താക്കുമെന്ന ബോധ്യത്തോടെ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മുകുന്ദന്‍ എംഎല്‍എ പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുകുന്ദനെ സിപിഐ പുറത്താക്കിയിരുന്നു. സിപിഐ സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിടാനുള്ള നീക്കത്തിനിടെയാണ് പുറത്താക്കല്‍.

'പുറത്താക്കുമെന്ന ബോധ്യത്തോടെ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞത്. പാര്‍ട്ടി പുറത്താക്കിയതില്‍ വേദനയൊന്നുമില്ല. തന്റെ പേര് പറഞ്ഞ് കാശ് പിരിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. പാര്‍ട്ടിയുടെ സഹായം വേണ്ടതില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കൈകാലുകള്‍ ഇല്ലാത്ത ആളുടെ പേരും ഫോട്ടോയും വെച്ച് പണം പിരിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. പാര്‍ട്ടി തീരുമാനിച്ചത് കൊണ്ടുമാത്രമാണ് യൂസഫലിയുടെ സഹായം പോലും വേണ്ടെന്ന് വെച്ചത്. പാര്‍ട്ടി തന്നെ സഹായിക്കുമെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് ഒരു സഹായവും പിന്നെ ഉണ്ടായിട്ടില്ല'. മുകുന്ദന്‍ പറഞ്ഞു.

'പാര്‍ട്ടി സ്ഥാനങ്ങളെല്ലാം നേരത്തെ തന്നെ രാജിവെച്ചതാണ്. പാര്‍ട്ടി പുറത്താക്കിയതില്‍ വലിയ അര്‍ഥമോ വേദനയോ അനുഭവപ്പെടുന്നില്ല. തന്നെ വേദനിപ്പിച്ചത് പാര്‍ട്ടിയുടെ വാര്‍ത്താക്കുറിപ്പിലുള്ള തെറ്റായ വിവരങ്ങളാണ്. വീട് ജപ്തി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ കൂടെയുണ്ടാകുമെന്ന് പാര്‍ട്ടി പറഞ്ഞിരുന്നെങ്കിലും ഒരു സഹായവും ലഭിച്ചിരുന്നില്ല. മുന്‍ മന്ത്രിമാരും, മന്ത്രി രാജനും പാര്‍ട്ടി സെക്രട്ടറിയും ഉറപ്പ് നല്‍കിയിരുന്നു. എന്നാലോ, ഒരു രൂപ പോലും ലഭിച്ചിട്ടില്ല'. അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഒരു മാറ്റവുമില്ലെന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാട്ടികയില്‍ തനിക്ക് പകരം ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് പിന്നാലെയാണ് മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഇത് പേയ്‌മെന്റ് സീറ്റ് ആണെന്നും പാര്‍ട്ടിയില്‍ പണത്തിനാണിപ്പോള്‍ സ്വാധീനമെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മുകുന്ദനുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. മുകുന്ദനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.

തനിക്കെതിരെ പാര്‍ട്ടിയില്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സി.സി മുകുന്ദന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് തന്നെ വെട്ടിയതെന്ന് പിന്നീട് വെളിപ്പെടുത്തും. നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

TAGS :

Next Story