'എന്റെ കുടുംബത്തെ ഇല്ലാതാക്കിയത് അറിയില്ലേ?'; കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ ഒരു കുറ്റബോധവുമില്ലെന്ന് ചെന്താമര പറഞ്ഞു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെയാണ് കൊലപ്പെടുത്തിയത് എന്ന് ചെന്താമര മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ മകളെ വേണ്ട രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞില്ലെന്നും വീടുണ്ടാക്കിയിട്ട് അതിൽ കയറി താമസിക്കാൻ പോലും പറ്റിയില്ലെന്നും ചെന്താമര പറഞ്ഞു.
അയൽവാസിയായ പുഷ്പയെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ചെന്താമര മൊഴി നൽകിയിരുന്നു. തന്റെ കുടുംബം തകരാൻ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പൊലീസിൽ നിരന്തരം പരാതി നൽകിയതിലും പുഷ്പക്ക് പങ്കുണ്ട്. പുഷ്പയെ കൊല്ലാതെ വിട്ടതിൽ മാത്രമാണ് തനിക്ക് നിരാശയുള്ളത്. ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടെന്നും ഇയാൾ പൊലീസിന് പറഞ്ഞിരുന്നു.
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്.
Adjust Story Font
16

