Quantcast

'അഞ്ചിലൊരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്, തൃശൂർ പൂരം നടത്തരുത്' ; ഭീതിതമാണ് കാര്യങ്ങളെന്ന് എൻഎസ് മാധവൻ

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയ് തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    18 April 2021 8:25 AM GMT

അഞ്ചിലൊരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്, തൃശൂർ പൂരം നടത്തരുത് ; ഭീതിതമാണ് കാര്യങ്ങളെന്ന് എൻഎസ് മാധവൻ
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം പോലുള്ള വലിയ ആൾക്കൂട്ട ഒത്തുചേരലുകള്‍ നടത്തരുതെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ. ശബരിമലയിൽ മടിച്ചു നിന്ന പോലെ ഇപ്പോൾ ചെയ്യരുത് എന്നും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള സമയമാണിതെന്നും മാധവൻ കൂട്ടിച്ചേർത്തു.

'17+% പോസിറ്റിവിറ്റി നിരക്ക് എന്നതിന്റെ അർത്ഥം കേരളത്തിൽ ഏകദേശം അഞ്ചിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ്. അത് അപകടകരമായ രീതിയിൽ ഉയർന്നതാണ്. തൃശൂർ പൂരം പോലുള്ള സൂപ്പർ സ്പ്രഡർ ഒത്തുചേരലുകൾ നിർത്തുക. ശബരിമലയിൽ മടിച്ചു നിന്ന പോലെ ആകരുത്. ഇപ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക' - എന്നാണ് മാധവൻ ട്വിറ്ററിൽ കുറിച്ചത്.

അതിനിടെ തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വി.പി ജോയ് തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. നാളത്തെ യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആവശ്യങ്ങളിൽ തീരുമാനം അറിയിക്കാമെന്നും ജില്ല കലക്ടർ അറിയിച്ചു. ആന പാപ്പാന്മാരുടെ ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കണമെന്നും കോവിഡ് ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് അനുമതി നൽകണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയന്ത്രണം കടുപ്പിച്ചാൽ പൂരം നടത്താൻ സാധിക്കില്ലെന്നാണ് തിരുവമ്പാടി ദേവസ്വം അറിയിച്ചത്. ആദ്യ തവണ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ആൾ നിശ്ചിത ദിവസം കഴിയാതെ രണ്ടാമത്തെ ഡോസ് എടുക്കുന്നത് പ്രായോഗികമല്ല. പാപ്പാൻ അടക്കമുള്ള ആനക്കാരെ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണമെന്നതും സാധ്യമായ കാര്യമല്ലെന്നും ദേവസ്വം ഭാരവാഹി പറഞ്ഞു.

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. ചിലർ തയാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. ഡി.എം.ഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കോവിഡ് നിബന്ധനകൾ കൊണ്ടു വരരുത്. ഡി.എം.ഒക്ക് പകരം ഉന്നതതല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി.

TAGS :

Next Story