പാലക്കാട്ട് ഒയാസിസിന് വെള്ളം എടുക്കാൻ അനുമതി നൽകിയതിൽ കോൺഗ്രസ് പ്രതിഷേധം
പഞ്ചായത്തിൽ കോൺഗ്രസ് ഉപരോധ സമരം നടത്തുന്നു

Photo| MediaOne
പാലക്കാട്: പാലക്കാട് ഒയാസിസ് മദ്യ കമ്പനിക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ വെള്ളം എടുക്കാൻ പുതുശ്ശേരി പഞ്ചായത്ത് അനുമതി നൽകിയതിൽ കോൺഗ്രസ് പ്രതിഷേധം. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ് ഉപരോധ സമരം നടത്തുന്നു. കോരയാർ പുഴയിൽ വെള്ളം എടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് ജീവനക്കാരെയും സിപിഎം മെമ്പർമാരെയും പഞ്ചായത്ത് ഓഫീസിലേക്ക് കയറ്റിവിടാതെയാണ് സമരം.
എലപ്പുള്ളി പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിന് വെള്ളം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഒയാസിസ് കമ്പനി പുതുശ്ശേരി പഞ്ചായത്തിനെ സമീപിച്ചത്.
കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ച് വരുന്ന വെള്ളം മറ്റ് ആവശ്യങ്ങൾക്ക് നൽകരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് സിപിഎം ഭരണ സമിതി ഒയാസിസിൻ്റെ കെട്ടിട നിർമ്മാണത്തിന് കോരയാർ പുഴയിൽ നിന്നും വെള്ളം എടുക്കാൻ അനുമതി നൽകുകയായിരുന്നു. കോരയാർ പുഴയിൽ നിന്നും ടാങ്കറിൽ വെള്ളം എത്തിച്ച് കെട്ടിടം നിർമിക്കാനാണ് പദ്ധതി.
വേനൽക്കാലങ്ങളിൽ പുഴവെള്ളം ശുദ്ധീകരിച്ചാണ് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്നത്. കോരയാർ പുഴയിലെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ആദ്യമായാണ് കാർഷികേതര ആവശ്യങ്ങൾക്കായി കോരയാർ പുഴയിലെ വെള്ളം ഉപയോഗിക്കാൻ അനുമതി നൽകുന്നത്. മദ്യനിർമാണത്തിന് എവിടെ നിന്നാണ് വെള്ളമെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
Adjust Story Font
16

