ശബരിമലയിൽ നടപടി; സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
ദേവസ്വം വിജിലൻസ് ഓഫീസറായ ശ്യാം പ്രകാശിനെ വർക്കല ഗ്രൂപ്പിലെ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണറായാണ് സ്ഥലംമാറ്റിയത്

പത്തനംതിട്ട: ശബരിമലയിൽ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നിലവിൽ ദേവസ്വം വിജിലൻസ് ഓഫീസറായ ശ്യാം പ്രകാശിനെ വർക്കല ഗ്രൂപ്പിലെ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണറായാണ് സ്ഥലംമാറ്റിയത്. എൻ.വാസു ദേവസ്വം കമ്മീഷണറായിരിക്കെ ശ്യാം പ്രകാശ് ക്ലർക്കായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് അന്നത്തെ ദേവസ്വം കമ്മീഷണറും പിന്നീട് പ്രെസിഡന്റുമായ എൻ.വാസുവിനെ അറസ്റ്റ് ചെയ്തത്. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടിയായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഇയാൾക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വിശദീകരിക്കുന്നു.
സ്വർണക്കൊള്ളയെ സംബന്ധിച്ച് സംഭവം ആദ്യം അന്വേഷിച്ചിരുന്നത് ദേവസ്വം വിജിലൻസായിരുന്നു. അന്വേഷണ സംഘത്തിൽ ശ്യാം പ്രകാശിനെ ഉൾപ്പെടുത്തിയിലെന്ന് മാത്രമല്ല സംഘം ഇയാളെ വിശദമായി തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ പ്രതി ചേർക്കുന്ന സാഹചര്യത്തിലേക്കൊന്നും പോയിരുന്നില്ല. എൻ.വാസുവിന്റെ നിർദേശ പ്രകാരം രേഖകൾ തയ്യാറാക്കുക മാത്രമേ ഇയാൾ ചെയ്തിട്ടുള്ളു എന്നതുകൊണ്ടാണ് ഇയാൾക്കെതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാതിരുന്നത്.
അതേസമയം, മുൻ പ്രസിഡന്റ് എ.പത്മകുമാറിന് ഇന്നുകൂടി സാവകാശം കൊടുക്കാനുള്ള സാധ്യതയാണുള്ളത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധു മരിച്ചതിനാൽ അതിന്റെ സംസ്കാര ചടങ്ങുകൾ നടക്കുകയാണ്. ഇന്ന് ഹാജരാവുന്നതിനുള്ള ബുദ്ധിമുട്ട് പദ്മകുമാർ അറിയിച്ചിട്ടുമുണ്ട്. ആയതിനാൽ നാളെ നിർബന്ധമായും ഹാജരാവണം. അല്ലാത്തപക്ഷം കസ്റ്റഡിയിലെടുത്ത് ഹാജരാക്കാമെന്നും എസ്ഐടി പദ്മകുമാറിനെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

