മുണ്ടക്കൈ ദുരന്തം: സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം
മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്.

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 63 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും ഹെലികോപ്റ്ററുകൾ എത്തുന്നതിന് തടസ്സമായതിനാൽ എയർ ലിഫ്റ്റിങ്ങിനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
Live Updates
- 30 July 2024 3:37 PM IST
തിരിച്ചറിയാതെ നിരവധി മൃതദേഹങ്ങൾ
ദുരന്തത്തിൽ മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഉറ്റവരെ തേടി നിരവധി ആശുപത്രികളിൽ തെരച്ചിലിലാണ് ബന്ധുക്കൾ. മേപ്പാടി ആശുപത്രിയിൽനിന്നുള്ള കാഴ്ച
- 30 July 2024 3:33 PM IST
നൂറിലേറെ പേർ മണ്ണിനടിയിൽ
ദുരന്തത്തിൽ നൂറിലേറെ ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യം പൂർണതോതിൽ ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻഡിആർഎഫിന്റെ അഞ്ച് പേർ അടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിൽ എത്താനായത്.
- 30 July 2024 3:29 PM IST
മരണം 84
മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി. നിലമ്പൂരിൽ കണ്ടെത്തിയത് 16 മൃതദേഹങ്ങൾ
- 30 July 2024 3:28 PM IST
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മാധ്യമങ്ങളെ കാണും.
Adjust Story Font
16


