Quantcast

ഓപ്പറേഷൻ നുംഖോര്‍: ഫോൺ വന്നതിന് പിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണർ

പരിവാഹൻ സൈറ്റിൽ വരെ തിരിമറി നടത്തിയെന്ന് ടി. ടിജു പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Sept 2025 7:49 PM IST

ഓപ്പറേഷൻ നുംഖോര്‍: ഫോൺ വന്നതിന് പിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണർ
X

കൊച്ചി: ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന കസ്റ്റംസ് പരിശോധന വിശദീകരിക്കുന്നതിനിടെ ഫോൺ വന്നതിന് പിന്നാലെ വാർത്തസമ്മേളനം അവസാനിപ്പിച്ച് കസ്റ്റംസ് കമ്മീഷണർ ടി. ടിജു. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി പരിശോധന നടന്നിരുന്നു.

ഫോൺ വന്നതിന് പിന്നാലെ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കസ്റ്റംസ് കമ്മീഷണർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നതിന് പിന്നിൽ വൻ തട്ടിപ്പുസംഘമാണെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജ രേഖചമച്ചുമാണ് വാഹനം രജിസ്റ്റർ ചെയ്യുന്നതെന്നും പരിവാഹൻ വെബ് സൈറ്റിലും ഇവർ തിരിമറി നടത്തുന്നുണ്ടെന്നും ടി. ടിജു പറഞ്ഞു.

150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പും കണ്ടെത്തി. നടൻമാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടർ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂട്ടാനിലെ നിന്ന് വാഹനങ്ങൾ ഇന്ത്യയിൽ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങൾ കടത്തുന്നതിൻ്റെ മറവിൽ സ്വർണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വിൽപ്പന നടക്കുന്നതെന്നും ടിജു തോമസ് പറഞ്ഞു.

TAGS :

Next Story