Quantcast

'അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണം': എം.കെ രാഘവനെതിരെ കെ.സി വേണുഗോപാൽ

പുനഃസംഘടനാ വിഷയം ചർച്ചയാകുന്നത് കോൺഗ്രസ് ജനാധിപത്യ പാർട്ടിയായത് കൊണ്ടാണെന്നും കെ.സി വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2023-03-04 04:31:28.0

Published:

4 March 2023 3:00 AM GMT

KC Venugopal against MK Raghavan on his controversial remarks
X

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച എം കെ രാഘവൻ എം പിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

"അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ എത്രയായാലും പാർട്ടി കാര്യങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണം. രാഘവൻ പ്ലീനറി സമ്മേളനത്തിൽ അഭിപ്രായം പറയണമായിരുന്നു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായത് കൊണ്ടു തന്നെ വിമർശനങ്ങൾ സ്വാഭാവികമാണ്. പക്ഷേ അത് പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. പരസ്യ പ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ല". വേണുഗോപാൽ പറഞ്ഞു.

ഇന്നലെയാണ് എം.കെ രാഘവൻ കോഴിക്കോട് വെച്ച് വിവാദ പ്രസംഗം നടത്തിയത്. വിമർശനവും വിയോജിപ്പും ഇല്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എംകെ രാഘവന്റെ വിമർശനം. പാർട്ടിയിൽ ജനാധിപത്യമില്ലെന്നും രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലെന്നുമടക്കമുള്ള ആരോപണങ്ങളും എം.കെ രാഘവൻ ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. അനവസരത്തിൽ അനൗചിതമായ പ്രസ്താവനയാണ് എം.കെ രാഘവന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പ്രവീൺകുമാറിന്റെ വിശദീകരണം. വിഴുപ്പലക്കലിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാനുള്ള ആരോഗ്യം പാർട്ടിക്കിപ്പോൾ ഇല്ല എന്നും വിശദീകരണത്തിൽ ഡിസിസി കൂട്ടിച്ചേർത്തിരുന്നു.

സംഭവത്തിൽ കെ.പി.സി.സി എന്ത് നടപടിയെടുക്കുമെന്നത് നിർണായകമാകും. ശശി തരൂർ എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തത് മുതൽ അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാളാണ് എം.കെ രാഘവൻ. തരൂരിന്റെ കേരളത്തിലെ പര്യടനങ്ങളുടെയൊക്കെ സൂത്രധാരനായി പ്രവർത്തിച്ചിരുന്നതും രാഘവനായിരുന്നു. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിനോട് നേരത്തേ തന്നെ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ അതൃപ്തി നടപടിയിൽ പ്രതിഫലിക്കുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.

TAGS :

Next Story