വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം: മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ സെക്രട്ടറിക്കും വിരുദ്ധ നിലപാട്
മലപ്പുറത്തിനെതിരായ വെള്ളാപ്പള്ളിയുടെ പ്രസ്താവന അപലപനീയമെന്ന് വി.പി അനിൽ, വിമർശിച്ചത് ഒരു പാർട്ടിയെയെന്ന് പിണറായി വിജയൻ

കോഴിക്കോട്: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും വിരുദ്ധ നിലപാട്. വെള്ളാപ്പള്ളിയെ വിമർശിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി വി.പി അനിൽ രംഗത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർത്തലയിൽ നടന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്തു.
‘മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശം അപലപനീയം. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. സമൂഹത്തിൽ സ്പർധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമയിലും സൗഹാർദ്ദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം, അതിനെ ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന വർഗീയശക്തികൾക്ക് വളമേകാൻ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ.നാരായണ ഗുരുവിൻറെ ആശയാദർശനങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവിൽനിന്നുണ്ടാകാൻ പാടില്ലാത്തതായിരുന്നു’ -എന്നായിരുന്നു വി.പി അനിലിന്റെ പ്രസ്താവന.
എന്നാൽ, ഇതിന് വിരുദ്ധമായി വെള്ളാപ്പള്ളിയെ പുകഴ്ത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘സരസ്വതി വിലാസം നാക്കിലുള്ള വ്യക്തിയാണ്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തകാലത്ത് നിർഭാഗ്യകരമായ ചില വിവാദങ്ങൾ ഉയർന്നുവന്നു. എന്നാൽ, അദ്ദേഹം ഏതെങ്കിലും ഒരു മതത്തിനെതിരെ നിലപാട് സ്വീകരിക്കുന്നയാളല്ല എന്ന് വെള്ളാപ്പള്ളിയെ അറിയുന്നവർക്കെല്ലാം അറിയാം’ -മുഖ്യമന്ത്രി പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയെയാണ് വിമർശിച്ചതെന്നും വെള്ളാപ്പള്ളിയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘ആ പാർട്ടിയോട് പ്രത്യേക വിരോധമോ മമതയോ വെച്ച് കൊണ്ട് പറഞ്ഞകാര്യമല്ല. ഇപ്പോഴുള്ള യാഥാർഥ്യം പറഞ്ഞൂ എന്നേയുള്ളൂ. ആ പാർട്ടിയെ സംരക്ഷിക്കാൻ താൽപ്പര്യമുള്ളവരെല്ലാം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നു. അത് മാത്രമാണ് ഈ ഘട്ടത്തിൽ എനിക്ക് പറയാനുള്ളത്’ -മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി കഴിഞ്ഞദിവസം പറഞ്ഞത്. നമ്മളതിനെ തള്ളിക്കളയണം. എന്താണ് അവർ യാഥാർഥ്യബോധത്തോടെ സാഹചര്യത്തെ കാണാത്തതെന്നും ബേബി ചോദിക്കുകയുണ്ടായി.
മലപ്പുറം ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ? തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ? എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങൾ. വോട്ടും മേടിച്ച് പോയാൽ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല’ -വെള്ളാപ്പള്ളി പറഞ്ഞു.
ഈ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ പിന്നീട് രംഗത്തുവരികയുണ്ടായി. തന്നെയൊരു മുസ്‍ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്‍ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘എന്‍റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. മലപ്പുറം മുസ്‍ലിംകളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. മുസ്‍ലിംകൾ പോലും തങ്ങൾ 56 ശതമാനം ഉണ്ടെന്നു പറയുന്നില്ല. മുസ്‍ലിംകളുടെ രാജ്യം എന്ന് അവർ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യമില്ല.ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്.എന്നുമുതലാണ് തന്നെ മുസ്‍ലിം വിരോധിയായി മുദ്രകുത്തിയത്'? -വെള്ളാപ്പള്ളി ചോദിച്ചു.
മുസ്‍ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനമുന്നയിച്ചു. 44 ശതമാനം ഹിന്ദുക്കളിൽ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ? ന്യൂനപക്ഷങ്ങൾക്ക് അംഗീകാരം ലഭിക്കുമ്പോൾ ലീഗ് തന്നെ അതിനെ എതിർത്ത് രംഗത്ത് വരുന്നു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നു. ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ല. കോൺഗ്രസ് മുസ്‍ലിം ലീഗിന്റെ തടവറയിലാണ്.
അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ ആണിയടിക്കുന്നു. താൻ ക്രിസ്ത്യൻ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവർ ആരും തന്നെ കൊല്ലാൻ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാൻ എത്തിയിട്ടില്ല. തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വെള്ളാപ്പള്ളിയെക്കുറിച്ച് 10 വർഷം മുമ്പ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റും വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.
‘അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തിൽ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാൻ ഒരു വർഗീയ ഭ്രാന്തിനും കഴിയില്ല’ -എന്നായിരുന്നു 2015 നവംബർ 29നുള്ള പിണറായിയുടെ പോസ്റ്റ്.
‘ആർഎസ്എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വിഎസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തിൽ എത്തിക്കുന്നു എന്നാണ് മുതിർന്ന നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർഎസ്എസ് രാഷ്ട്രീയം. അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ ആര് ശ്രമിച്ചപ്പോഴും ചെറുത്തുനിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. "മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം" എന്ന ശ്രീനാരായണ വാക്യം നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വർഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തിൽ വിജയിക്കില്ല’ -2015 ഒക്ടോബർ അഞ്ചിനുള്ള പോസ്റ്റിൽ പിണറായി വിജയൻ വ്യക്തമാക്കി.
Adjust Story Font
16

