Quantcast

കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപെടാൻ നോക്കേണ്ട; കാർഷികോൽപന്നങ്ങളുടെ വിലയിടിവിൽ സർക്കാറിനെതിരെ പ്രതിപക്ഷം

സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം വിമർശിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-13 06:42:50.0

Published:

13 Dec 2022 5:19 AM GMT

കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപെടാൻ നോക്കേണ്ട; കാർഷികോൽപന്നങ്ങളുടെ വിലയിടിവിൽ സർക്കാറിനെതിരെ പ്രതിപക്ഷം
X

തിരുവനന്തപുരം: കാർഷികോൽപന്നങ്ങളുടെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മോൻസ് ജോസഫാണ് നോട്ടീസ് നൽകിയത്.

കാർഷികോൽപന്നങ്ങളുടെ വില കുറഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇടപെടാത്തതിനാൽ കർഷക സമൂഹം വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്നുവെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലൂടെ മുന്നോട്ടുവെക്കുന്ന പ്രധാന കാര്യം. എന്നാൽ, സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുവെന്ന് മന്ത്രി പി പ്രസാദ് മറുപടി നൽകി. കേന്ദ്രസർക്കാരിന്റെ നയങ്ങൾ മൂലമാണ് കർഷകർ പ്രതിസന്ധിയിലാകുന്നത്.

റബർ ഉൾപ്പടെയുള്ളവയുടെ വിലയിടിവിന് കാരണം കേന്ദ്രസർക്കാറിന്റെ നയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനസർക്കാർ കേന്ദ്രത്തെ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇറക്കുമതി പൂർണമായും തടയാതെ റബറിന്റെ വിലയിടിവ് അവസാനിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

തുടർന്നാണ്, അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് മോൻസ് ജോസഫ് സംസാരിച്ചത്. കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന് രക്ഷപെടാൻ കഴിയില്ല. യുഡിഎഫ് ചെയ്തത് അങ്ങനെയല്ല. റബറിന്റെ വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കാമോ എന്നും മോൻസ് ജോസഫ് ചോദിച്ചു. കേന്ദ്രസർക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ കർഷകരെ തകർക്കുന്നതിൽ പ്രധാനമെന്ന കാര്യത്തിൽ തങ്ങൾക്കും സംശയമില്ല. ഇതിൽ പ്രതിപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്.

പ്രകടനപത്രികയിൽ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തവർ ഇപ്പോഴെന്താണ് മിണ്ടാതിരിക്കുന്നത്, അവർ എവിടെ പോയെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.

TAGS :

Next Story