Quantcast

ലൈഫ് പദ്ധതി ഒന്നര വർഷമായി സ്തംഭനാവസ്ഥയിലെന്ന് പ്രതിപക്ഷം; കരട് ലിസ്റ്റ് അടുത്തമാസമെന്ന് സർക്കാർ

തെരഞ്ഞെടുപ്പും കോവിഡും വൈകിപ്പിച്ച ഗുണഭോക്തൃ ലിസ്റ്റ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Nov 2021 7:56 AM GMT

ലൈഫ് പദ്ധതി ഒന്നര വർഷമായി സ്തംഭനാവസ്ഥയിലെന്ന് പ്രതിപക്ഷം; കരട് ലിസ്റ്റ് അടുത്തമാസമെന്ന് സർക്കാർ
X

ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതി 17 മാസമായി സ്തംഭനാവസ്ഥയിലെന്ന് പ്രതിപക്ഷം നിയമസഭയിൽ. തെരഞ്ഞെടുപ്പും കോവിഡും വൈകിപ്പിച്ച ഗുണഭോക്തൃ ലിസ്റ്റ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പൂർത്തിയാക്കിയ വീടുകളുടെ എണ്ണം സംബന്ധിച്ച് തദ്ദേശമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി.

കോവിഡ്,തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവ കൊണ്ടാണ് ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം വൈകുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ഡിസംബറിൽ കരട് പട്ടികയും ഫെബ്രുവരിയിൽ അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. 2020ൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അപേക്ഷ സ്വീകരിച്ച സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു 9.24 ലക്ഷം അപേക്ഷകർ 17 മാസമായി കാത്തിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.കെ.ബഷീർ പറഞ്ഞു. മന്ത്രി കാര്യകാരണങ്ങൾ വിശദീകരിക്കണമെന്നായി പ്രതിപക്ഷം.

ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷത്തിൽ വെറും 37 24 വീട് മാത്രമാണ് നിർമിച്ചതെന്ന എം.വി.ഗോവിന്ദന്‍റെ ആക്ഷേപത്തിന് നിയമസഭയിൽ മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് തിരിച്ചടി നൽകി. ലൈഫ് പദ്ധതി വൈകില്ലെന്ന മറുപടിയുമായി മുഖ്യമന്ത്രി എഴുന്നേറ്റു. ഇതിൽ തൃപ്തരാകാത്ത പ്രതിപക്ഷം സർക്കാർ മനപൂർവം പദ്ധതി വൈകിക്കുകയാണെന്നാരോപിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.



TAGS :

Next Story