Quantcast

ഓർഡിനൻസ് പോര് മുറുകുന്നു; ഗവർണർക്കെതിരെ കോടതിയിൽ പോരാടാനുറച്ച് സർക്കാർ

ഓർഡിനൻസ് സർക്കാർ ഗവർണർക്ക് ഉടൻ അയച്ചേക്കും

MediaOne Logo

Web Desk

  • Published:

    11 Nov 2022 4:43 AM GMT

ഓർഡിനൻസ് പോര് മുറുകുന്നു; ഗവർണർക്കെതിരെ കോടതിയിൽ പോരാടാനുറച്ച് സർക്കാർ
X

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസ് രാഷ്ട്രപതിക്കയച്ചാൽ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുന്നത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമെന്നാണ് സർക്കാരിന്റെ വാദം. ചാൻസലറെ ഒഴിവാക്കുന്ന ഓർഡിനൻസ് ഇതിലൊന്നും ഉൾപ്പെടില്ലെന്ന് ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക. ഓർഡിനൻസ് സർക്കാർ ഗവർണർക്ക് ഉടൻ അയച്ചേക്കും.

കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ, ഇതുവരെ സർക്കാർ രാജ്ഭവനിലേക്ക് ഓർഡിനൻസ് അയച്ചിട്ടില്ല. കൂടുതൽ കൂടിയാലോചനകൾക്കുശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഓർഡിനൻസ് ലഭിച്ചാൽ രാഷ്ട്രപതിക്ക് അയക്കുമെന്നും മുഖ്യമന്ത്രിയോട് വിശദീകരണം തേടുമെന്നുമൊക്കെയുള്ള വ്യത്യസ്ത നിലപാടുകൾ ഗവർണർ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിലുള്ളതുകൊണ്ട് സൂഷ്മമായി കാര്യങ്ങളെ നിരീക്ഷിച്ച് തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാർ നിലപാട്.

മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർക്ക് അയച്ചാലും സർക്കാർ ചില കാര്യങ്ങളെ ആശങ്കയോടെ കാണുന്നുണ്ട്. ചാൻസലർ സ്ഥാനം ഒഴിഞ്ഞുതരാനുള്ള നിയമം കൊണ്ടുവന്നാൽ അതിൽ ഒപ്പിട്ടുതരാമെന്ന് പറഞ്ഞ ഗവർണർ ഇപ്പോൾ നിലപാടിൽനിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. ചാൻസലർ പദവി ഉപയോഗിച്ച് സർക്കാരിനെ പരമാവധി പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിൽ ഒപ്പിടാനുള്ള ഒരു സാധ്യതയും സർക്കാർ കാണുന്നില്ല.

മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് മുൻപിലെത്തിയാൽ അത് രാഷ്ട്രപതിക്ക് അയച്ച് കാലാവധി നീട്ടാനുള്ള നീക്കങ്ങൾ ഗവർണർ നടത്തിയേക്കും. എന്നാൽ ഓർഡിനൻസ് ഒപ്പിട്ടില്ലെങ്കിൽ നിയമസഭ വിളിച്ച് ബില്ലായി കൊണ്ടുവരാൻ തന്നെയാണ് സർക്കാർ ആലോചന. ഇല്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കും.

TAGS :

Next Story