Quantcast

ഒരു കുടുംബം ഒരു സംരംഭം പദ്ധതിയും ഇഴയുന്നു; ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് കോടിയും ചിലവഴിച്ചില്ല

നാല് കോടിക്ക് ഭരണാനുമതി നല്‍കിയെങ്കിലും നാളിത് വരെ ഒരു രൂപ പോലും ചെലവഴിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2023-02-21 05:55:17.0

Published:

21 Feb 2023 10:59 AM IST

oru kudumbam oru samrambam
X

തിരുവനന്തപുരം: ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച ഏഴ് കോടി രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍. നാല് കോടിക്ക് ഭരണാനുമതി നല്‍കിയെങ്കിലും നാളിത് വരെ ഒരു രൂപ പോലും ചെലവഴിച്ചില്ല. ഉല്‍പാദന,സേവന, വ്യാപാര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എടുക്കുന്ന ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവ് നല്‍കുന്നതാണ് പദ്ധതി.

പത്ത് ലക്ഷം വരെയുള്ള വായ്പയ്ക്ക് പലിശ ഇളവെന്നായിരുന്നു പ്രഖ്യാപനം. ബാങ്ക് വായ്പയുടെ പലിശ നിരക്കില്‍ നാല് ശതമാനം കഴിഞ്ഞുള്ള പലിശയില്‍ ആറ് ശതമാനം വരെ ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. വായ്പ വിതരണം ചെയ്യുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷം വരെ പദ്ധതി പ്രകാരം പലിശ സബ്സിഡി ആനുകൂല്യം ലഭിക്കും.

പദ്ധതിക്കായി 2022-23 ബജറ്റില്‍ 7 കോടി രൂപ നീക്കിവെച്ചു. ഇതില്‍ നാല് കോടി രൂപയ്ക്ക് 2022 നവംബര്‍ 2 ന് ഭരണാനുമതി നല്‍കി ഉത്തരവും ഇറക്കി. എന്നാല്‍ ഇതുവരേയും ഒരു രൂപ പോലും വിതരണം ചെയ്തില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. നിയമസഭയില്‍ എപി അനില്‍കുമാര്‍ എംഎല്‍എയ്ക്ക് മന്ത്രി പി രാജീവ് നല്‍കി മറുപടിയിലാണ് വീഴ്ച സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നത്.

12 മാസകാലയുള്ള ബാങ്ക് വായ്പയുടെ പലിശ ഇളവിന് അപേക്ഷകന്‍ ഓരോ തവണയും അപേക്ഷിക്കണം. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി മറുപടി നല്‍കി. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചതാണ് പലിയ ഇളവ് സഹായ പദ്ധതിയാണ് നടപടി ക്രമങ്ങളില്‍ ഇഴഞ്ഞ് നീങ്ങുന്നത്.



TAGS :

Next Story