മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കുവഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും അതുന്നയിക്കുന്ന മുദ്രാവാക്യങ്ങളെയും വായിക്കാൻ സാധിച്ചത് വി.എസിൻ്റെ സവിശേഷത: പി.മുജീബുറഹ്മാൻ
''ആദർശപരമായും പ്രവർത്തനപരമായും തീർത്തും ഭിന്നധ്രുവങ്ങളിൽ നിൽക്കുമ്പോഴും തൻ്റെ ശരികളോട് നീതി പുലർത്തുകയും അതിനായി ത്യാഗപൂർണമായി പരിശ്രമിക്കുകയും ചെയ്തു എന്നതാണ് വി.എസിൻ്റെ പ്രസക്തി''

കോഴിക്കോട്: മുഖ്യധാരാ രാഷ്ട്രീയത്തിൽ നേതൃപരമായ പങ്കുവഹിച്ചപ്പോഴും പൗരരാഷ്ട്രീയത്തെയും അതുന്നയിക്കുന്ന മുദ്രാവാക്യങ്ങളെയും വായിക്കാൻ സാധിച്ചുവെന്നതായിരുന്നു വി.എസിൻ്റെ സവിശേഷതയെന്ന് ജമാഅത്തെ ഇസ് ലാമി അമീർ പി.മുജീബുറഹ്മാൻ. പരിസ്ഥിതി, വികസനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയത്തിൻ്റെ പൊതുവായതും സർവാംഗീകൃതവുമായ വഴികളിൽ നിന്ന് വേറിട്ട് സഞ്ചരിക്കാനും വലിയ അളവിൽ അത്തരം കാഴ്ചപ്പാടുകളെ ത്വരിപ്പിക്കുന്നതിനും വി.എസിൻ്റെ സാന്നിധ്യം കാരണമായി.
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റിൻ്റെ സംസ്ഥാന അധ്യക്ഷനായിരിക്കെ, കേരളത്തിൻ്റെ ജീവൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്ദർഭങ്ങളിൽ അദ്ദേഹവുമായി ഇടപഴകാനും സമരങ്ങളിൽ പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. ആദർശപരമായും പ്രവർത്തനപരമായും തീർത്തും ഭിന്നധ്രുവങ്ങളിൽ നിൽക്കുമ്പോഴും തൻ്റെ ശരികളോട് നീതി പുലർത്തുകയും അതിനായി ത്യാഗപൂർണമായി പരിശ്രമിക്കുകയും ചെയ്തു എന്നതാണ് വി.എസിൻ്റെ പ്രസക്തി. പൊതുപ്രവർത്തകർക്ക് അദ്ദേഹം ബാക്കിവെക്കുന്ന പാഠവും അതുതന്നെയാണ് എന്നും മുജീബുറഹ്മാൻ പറഞ്ഞു.
Adjust Story Font
16

