'അടുത്തിരിക്കുന്നയാള്‍, കാര്യമായ ചങ്ങായി, അണ്ണന്‍ ശിവന്‍കുട്ടി, ഇത്തവണയും വിട്ടുകൊടുക്കില്ല'; ശിവന്‍കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഹമ്മദ് റിയാസ്
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നേമം മണ്ഡലം ശിവന്‍കുട്ടി ഒരു വര്‍ഗീയവാദിക്കും വിട്ടുകൊടുക്കില്ലെന്ന് റിയാസ്

- Published:
1 May 2026 8:09 PM IST

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ ഒരുമിച്ചിരിക്കുന്ന, അടുത്ത സുഹൃത്താണെന്ന വിശേഷണത്തോടെയാണ് ചിത്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നേമം മണ്ഡലം ശിവന്‍കുട്ടി ഒരു വര്‍ഗീയവാദിക്കും വിട്ടുകൊടുക്കില്ലെന്നും ഫേസ്ബുക് പോസ്റ്റില്‍ മന്ത്രി റിയാസ് പറഞ്ഞു.
പി.എ മുഹമ്മദ് റിയാസിന്റെ പോസ്റ്റ്...
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ഒരുമിച്ചുള്ള എല്ലാവരും ചങ്ങായിമാരാണ്. എന്നാല്‍ ഒരു ബെഞ്ചില്‍ അടുത്തിരിക്കുന്നവന്‍ കാര്യമായ ചങ്ങായിയായിരിക്കും. നിയമസഭയിലും അങ്ങനെ തന്നെയാ. സാമാജികര്‍ എല്ലാവരും സുഹൃത്തുക്കള്‍. പക്ഷേ അടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ അണ്ണന്‍ സഖാവ് വി. ശിവന്‍കുട്ടി...
കാര്യമായിട്ടുള്ള ചങ്ങായിയാ... കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവവും തിരുവനന്തപുരത്ത് ഓണാഘോഷങ്ങളും ഞങ്ങള്‍ നേതൃത്വം കൊടുത്ത് സംഘടിപ്പിച്ചതൊക്കെയും ഒരു മനസ്സും ശരീരവുമായിട്ടാണ്.
2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ശിവന്‍കുട്ടിയിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ചു. അത് ജനങ്ങള്‍ നടപ്പിലാക്കി. നേമം വഴി ബിജെപി നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കില്ല എന്ന് സഖാവ് പിണറായി വിജയനും എല്‍ഡിഎഫും ഈ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിരുന്നു.
വോട്ടെണ്ണല്‍ കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുമ്പോള്‍ എനിക്ക് ഉറപ്പാണ്, ഞങ്ങളുടെ അണ്ണന്‍, സഖാവ് വി. ശിവന്‍കുട്ടി നേമം വിട്ടുകൊടുക്കില്ല മതവര്‍ഗ്ഗീയവാദിക്ക്.
Adjust Story Font
16
