'ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം പത്മകുമാറിന്': മൊഴി ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍
സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് എന്‍. വിജയകുമാറും കെ.പി ശങ്കര്‍ദാസും വ്യക്തമാക്കി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പൂര്‍ണ ഉത്തരവാദിത്തം പത്മകുമാറിന് തന്നെയെന്ന് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. അന്വേഷണ സംഘം ദേവസ്വം അംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്ന് എന്‍. വിജയകുമാറും കെ.പി ശങ്കര്‍ദാസും പറഞ്ഞു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നും എല്ലാത്തിന്റേയും പിന്നില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറാണെന്നും നേരത്തെ ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതേ മൊഴി ആവര്‍ത്തിച്ചിരിക്കുകയാണ് ഇരുവരും. കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ പത്മകുമാറിനെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണക്കൊള്ളയിലെ നടപടികളെല്ലാം ബോര്‍ഡ് അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി അന്നത്തെ ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസിനെയും വിജയ്കുമാറിനെയും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇതില്‍ പങ്കില്ലെന്നും എല്ലാ ഉത്തരവാദിത്തവും പത്മകുമാറിന്റേതാണെന്നും ഇരുവരും ആവര്‍ത്തിക്കുകയായിരുന്നു.
കട്ടളപ്പാളികളെ സ്വര്‍ണം പതിച്ച ചെമ്പുപാളികളെന്നതിന് പകരം അജണ്ട നോട്ടീസില്‍ ചെമ്പുപാളികളെന്ന് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
Adjust Story Font
16

