Quantcast

‘ജന്മഭൂമിയിൽ മാത്രമല്ല ദേശാഭിമാനിയിലും ഒരു പേജ് ചന്ദ്രിക അടിച്ചിട്ടുണ്ട്'; ഓർമ്മപ്പെടുത്തലുമായി കെ.എൻ.എ ഖാദർ

ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക എന്ന തലക്കെട്ടിലായിരുന്നു കെഎൻഎ ഖാദറിന്റെ ഫേസ്ബുക്ക് കുറിപ്പ്

MediaOne Logo
‘ജന്മഭൂമിയിൽ മാത്രമല്ല ദേശാഭിമാനിയിലും ഒരു പേജ് ചന്ദ്രിക അടിച്ചിട്ടുണ്ട്; ഓർമ്മപ്പെടുത്തലുമായി കെ.എൻ.എ ഖാദർ
X

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിൽ വന്ന സംഭവത്തില്‍ പ്രതികരണവുമായി ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍.

ജന്മഭൂമിയിൽ മാത്രമല്ല ദേശാഭിമാനിയിലും ഒരു പേജ് ചന്ദ്രിക അടിച്ചിട്ടുണ്ടെന്ന് കെ.എൻ.എ ഖാദർ ഫേസ്ബുക്കില്‍ കുറിച്ചു. 2010 ഡിസംബർ 29ന് പ്രസിദ്ധീകരിച്ച ഗൾഫ് ദേശാഭിമാനിയിലാണ് ചന്ദ്രി അച്ചടിച്ചുവന്നത്. അന്നത്തെ ബഹ്റൈൻ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് മുഴുവനുമാണ് അടിച്ചു വന്നത്. ഇതിന്റെ ഫോട്ടോയും ഖാദര്‍, ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക എന്ന തലക്കെട്ടിലായിരുന്നു കെ.എന്‍.എ ഖാദറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇന്നലെ പുറത്തിറങ്ങിയ(ജനുവരി ഒന്ന്) ജന്മഭൂമിയിലാണ് ചന്ദ്രിയുടെ എഡിറ്റോറിയല്‍ പേജ് അച്ചടിച്ചുവന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക പോലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയൽ പേജിൽ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്നും ഇതിനെയാണ് അന്തർധാരയെന്ന് പറയുന്നതെന്നുമായിരുന്നു പി.എം മനോജിന്റെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദേശാഭിമാനിയിൽ ഒരു പേജ് ചന്ദ്രിക

""""""""""""""""""""""""""""""""""""

2010 ഡിസംബർ 29നു പ്രസിദ്ധീകരിച്ച ഗൾഫ് ദേശാഭിമാനിയാണ് ചിത്രത്തിൽ . ഇതിൽ അന്നത്തെ ബഹറൈൻ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് മുഴുവൻ അടിച്ചു വന്നു .

അന്ന്, ഞാൻ അവിടെ ഉണ്ടായിരുന്നു. ഈ ദേശാഭിമാനിയിൽ "കുരുടനെ വഴികാട്ടുന്ന കുരുടൻ" എന്ന എന്റെ ലേഖനം വള്ളി പുള്ളി വിസർഗ്ഗം വിടാതെ പ്രസിദ്ധീകരിച്ചു. ഈ സംഭവങ്ങളെ തുടർന്ന് അവിടെ വലിയ വിവാദമുണ്ടായി.

അവസാനം വിറ്റു പോയതിന്റെ ബാക്കി ദേശാഭിമാനി പത്ര കെട്ടുകൾ മുഴുവൻ അവർ തിരിച്ചു കൊണ്ടു പോയി. അതിനു വേണ്ടി ഏജന്റുമാർ കട കയറി നിരങ്ങുന്നതിനു ഞാനും അനേകം ബഹറൈൻ കെഎംസിസിക്കാരും സാക്ഷികളാണ്.

ദേശാഭിമാനിയിൽ അന്നത്തെ ലേഖനം ശക്തമായ മാർക്സിസ്റ്റ് വിമർശനമായിരുന്നു. ബഹറൈൻ കെഎംസിസി നേതാവ് ഹബീബാണ് ഇപ്പോൾ ഈ പത്രം ഇവിടെ എത്തിച്ചു തന്നത്. അദ്ദേഹത്തോട് കടപ്പാട് അറിയിക്കുന്നു. കഴിഞ്ഞ പതിനഞ്ചു വർഷം ഈ പത്രം പൊന്നു പോലെ സൂക്ഷിച്ച എന്റെ പ്രിയ സുഹൃത്ത് എപി ഫൈസലിനെ അഭിനന്ദിക്കുന്നു.

കെഎൻഎ ഖാദർ

TAGS :

Next Story