പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ സംസ്കാരം നാളെ
നാളെ രാവിലെ 7 മണി മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്‍റെ മൃതദേഹം നാളെ സംസ്കരിക്കും. കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക.
നാളെ രാവിലെ 7 മണി മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി പി.രാജീവ്, എറണാകുളം ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷ് എന്നിവർ ചേർന്നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്. വർഷങ്ങളോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തുന്നത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുകളും ഒക്കെയായി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ വാർത്തയെത്തിയത്.
ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മകൾക്കും പേരക്കുട്ടികൾക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പഹൽഗാവിൽ എത്തി. ഒടുവിൽ മകളും പേരക്കുട്ടികളും നോക്കിനിൽക്കെയാണ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചത്. വൈകുന്നേരത്തോടെ ബന്ധുക്കൾ രാമചന്ദ്രന്റെ മരണവാർത്ത അറിഞ്ഞു.
Adjust Story Font
16

