Quantcast

കായികമേളയിൽ കിരീടം നിലനിർത്തി പാലക്കാട്; മലപ്പുറം രണ്ടാമത്

98 ഇനങ്ങളും പൂർത്തിയായപ്പോൾ 32 സ്വർണവും 20 വെള്ളിയും 18 വെങ്കലവും നേടി തലയുയർത്തിയാണ് പാലക്കാടിന്റെ മടക്കം.

MediaOne Logo

Web Desk

  • Updated:

    2022-12-06 15:43:44.0

Published:

6 Dec 2022 2:03 PM GMT

കായികമേളയിൽ കിരീടം നിലനിർത്തി പാലക്കാട്; മലപ്പുറം രണ്ടാമത്
X

തിരുവനന്തപുരം: ‍64ാമത് സ്കൂൾ കായികമേളയിൽ ചാമ്പ്യൻപട്ടം നിലനിർത്തി പാലക്കാട്. 32 സ്വർണം അടക്കം 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. ട്രാക്കിലെയും ഫീൽഡിലെയും സമഗ്രാധിപത്യവുമായാണ് പാലക്കാട് ഓവറോൾ കിരീടം നിലനിർത്തിയത്. 149 പോയിന്റുമായി മലപ്പുറം രണ്ടാമതും 112 പോയിന്റോടെ കോഴിക്കോട് മൂന്നാമതും 89 പോയിന്റോടെ കോട്ടയം നാലാമതുമെത്തി.

എറണാകുളം ജില്ല ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായി പോയ എറണാകുളത്തിന് 81 പോയിന്റ് മാത്രമാണ് നേടാനായത്. എല്ലാ മേഖലയിലും പാലക്കാടൻ കൊടുങ്കാറ്റ് ആഞ്ഞുവീശുന്ന കാഴ്ചയാണ് ആദ്യദിനം മുതൽ അവസാന ദിനം വരെ കണ്ടത്. പറളി, മുണ്ടൂർ, കല്ലടി സ്കൂളുകൾ മത്സരിച്ച് മുന്നേറിയത് പാലക്കാടിന്റെ കുതിപ്പിന് ആക്കം കൂട്ടി.

98 ഇനങ്ങളും പൂർത്തിയായപ്പോൾ 32 സ്വർണവും 20 വെള്ളിയും 18 വെങ്കലവും നേടി തലയുയർത്തിയാണ് പാലക്കാടിന്റെ മടക്കം. സ്വർണ വേട്ടയിൽ പാലക്കാടിന് വെല്ലുവിളി ഉയർത്താൻ തൊട്ടുപിന്നിൽ ഉണ്ടായിരുന്ന മലപ്പുറത്തിന് കഴിഞ്ഞില്ലെങ്കിലും 149 പോയിന്റ് നേടാൻ അവർക്കായി. 13 സ്വർണം, 17 വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് മലപ്പുറത്തിന്റെ അക്കൗണ്ടിൽ.

ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകൾക്ക് സ്വർണം നേടാനായില്ല. ആൺകുട്ടികളിൽ നിരഞ്ജനും പെൺകുട്ടികളിൽ ശിവപ്രിയയുമാണ് കായികമേളയിലെ താരങ്ങൾ. ആറ് മീറ്റ് റെക്കോർഡുകളാണ് ഇത്തവണ പിറന്നത്. പങ്കെടുത്ത മൂന്നിനത്തിലും സ്വർണം നേടിയ ശിവപ്രിയയാണ് സീനിയർ വിഭാഗം പെൺകുട്ടികളിൽ കായിമേളയിലെ താരം. സീനിയർ ആൺകുട്ടികളിൽ പാലക്കാടിന്റെ നിരഞ്ജനും തിരുവനന്തപുരത്തിന്റെ ഇന്ദ്രനാഥും താരമായി.

സ്കൂൾ വിഭാഗത്തിൽ മലപ്പുറം ഐഡിയൽ കടകശേരി ഒന്നാമതെത്തി. പാലക്കാടിന്റെ കുമരംപത്തൂർ സ്കൂളാണ് രണ്ടാമത്. പുല്ലൂരംപാറ സ്കൂൾ മൂന്നാമതും പറളി നാലാമതും എത്തി. മൂന്ന് താരങ്ങൾ ട്രിപ്പിൾ സ്വർണം നേടി പാലക്കാടൻ കുതിപ്പിന്റെ പതാക വാഹകരായി. 600, 400, 200 മീറ്ററുകളിൽ നിവേദ്യ കലാധരൻ, 3000, 1500, 800 മീറ്ററുകളിൽ ജെ ബിജോയ്, 200, 400, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ ജോതിക എം എന്നിവരാണ് ട്രിപിൾ സ്വർണം നേടിയവർ.

ദീർഘ ദൂര ഇനങ്ങളിൽ പരമ്പരാഗതമായി തുടരുന്ന മേധാവിത്വത്തിനൊപ്പം ജംപ് ഇനങ്ങളിലും ത്രോ ഇനങ്ങളിലും പാലക്കാടൻ താരോദയങ്ങളും ‍64ാമത് കായികോത്സവത്തിലുണ്ടായി. അതേസമയം, പാലക്കാടിന്റെ താരങ്ങൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് എം മുഹ്സിൻ എംഎൽഎ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളുടെ നിലവാരത്തിലായിരുന്നു 64ാമത് സ്കൂൾ കായികോത്സവത്തിന്റെ സംഘാടനം.

TAGS :

Next Story