പാലക്കാട്ടെ ഒൻപതാം ക്ലാസുകാരന്‍റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ
സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്‍റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു

അര്‍ജുൻ Photo| MediaOne
പാലക്കാട്: പാലക്കാട് കണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയുമായി മാനേജ്മെന്‍റ്. ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയും സസ്പെന്‍ഡ് ചെയ്തു.
സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്‍റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴൽമന്ദം പൊലീസിലാണ് കുടുംബം പരാതി നൽകിയത്. എന്നാൽ സ്കൂൾ അധികൃതര്‍ ആരോപണം നിഷേധിച്ചു. വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അർജുൻ്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയിൽ വെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നു . ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നൽകേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അർജുൻ അസ്വസ്ഥനായിരുന്നു.മരിക്കുമെന്ന് തന്നോട് അർജുൻ പറഞ്ഞിരുന്നു. സ്കൂൾ വിട്ട് പോകുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയത് കൊണ്ടാണ് അർജുൻ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചർ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു.
Adjust Story Font
16

