Quantcast

"ഒരു വർഷമായി, കുറ്റക്കാരായ ഡോക്‌ടർമാർ ഇപ്പോഴും ആശുപത്രിയിലുണ്ട്"; ഐശ്വര്യക്കും കുഞ്ഞിനും നീതി തേടി രഞ്ജിത്ത്

പാലക്കാട്‌ തങ്കം ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നീതി കിട്ടിയില്ലെന്ന് കുടുംബം.

MediaOne Logo

Web Desk

  • Updated:

    2023-07-04 06:59:54.0

Published:

4 July 2023 12:08 PM IST

palakkad thangam hospital
X

പാലക്കാട്: പാലക്കാട്‌ തങ്കം ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നീതി കിട്ടിയില്ലെന്ന് കുടുംബം. ചികിത്സ പിഴവുണ്ടായെന്ന് മെഡിക്കൽ റിപ്പോർട്ട്‌ അടക്കം പുറത്ത് വന്നതാണ്. കുറ്റക്കാർക്ക്‌ ശിക്ഷ ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ നാലിനാണ് ഐശ്വര്യയും കുഞ്ഞും മരിച്ചത്.

സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ടായിരുന്നു. ഡോക്ടർമാരായ അജിത്ത്,നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈ ഡോക്ടർമാർ തങ്കം ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്തുവരികയാണ്. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും കുറ്റക്കാർക്ക് ഇതുവരെ ശിക്ഷ ലഭിക്കാത്തതിലാണ് കുടുംബത്തിന്റെ പ്രതിഷേധം.

ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിലുണ്ടായ മാനസിക വിഷമത്തിൽ നിന്ന് കുടുംബം ഇതുവരെ കരകയറിയിട്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. കുറ്റക്കാരായ ഡോക്ടർമാർ ഇപ്പോഴും അതേ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്നത് കാണുമ്പോൾ കൂടുതൽ പ്രയാസം ഉണ്ടാകുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമ്പോഴും ഒരു വർഷമായിട്ടും നീതി ലഭിക്കാത്ത എന്തൊകൊണ്ടാണെന്നും രഞ്ജിത്ത് ചോദിച്ചു.

ജൂലൈ ആദ്യവാരമാണ് ഐശ്വര്യയും കുഞ്ഞും മരിക്കുന്നത്. ജൂലൈ രണ്ടിന് കുഞ്ഞ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അമ്മയും മരിച്ചു. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു. മാത്രമല്ല ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു ശേഷം കോങ്ങാട് സ്വദേശിനി കാർത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ തങ്കം ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നായിരുന്നു മാനേജ്‌മെന്റ് അന്ന് നൽകിയ വിശദീകരണം. എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ ക്ലിനിക്കൽ എസ്റ്റാബിളിഷ്മെന്റ് ആക്റ്റ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജടക്കം നിർദേശം നൽകിയിരുന്നു.

TAGS :

Next Story