എസ്ഐആറിൽ ഒഴിവാക്കപ്പെട്ട പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രങ്ങളിലെ അജ്ഞാതർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് രേഖ
എസ്ഐആർ കണക്കെടുപ്പിൽ ഇവരെ അജ്ഞാതരെന്ന ഗണത്തിൽപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ വോട്ട് ചോരി നടന്നെന്ന ആരോപണമാണ് ഉയരുന്നത്.

പാലക്കാട്: എസ്ഐആറിൽ കണ്ടെത്താൻ കഴിയാതിരുന്ന പാലക്കാട്ടെ വോട്ടർമാരിൽ പലരും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി രേഖകൾ. ബിജെപി ശക്തികേന്ദ്രങ്ങളിൽ കണ്ടെത്തിയ അജ്ഞാത വോട്ടർമാരാണ് കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. എസ്ഐആർ കണക്കെടുപ്പിൽ ഇവരെ അജ്ഞാതരെന്ന ഗണത്തിൽപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ വോട്ട് ചോരി നടന്നെന്ന ആരോപണമാണ് ഉയരുന്നത്.
ബൂത്ത് 36 ശ്രീരാമപാളയത്തെ ബൂത്തിലെ ക്രമനമ്പർ 27, 79, 87 തുടങ്ങിയ വോട്ടർമാരെ എസ്ഐആറിൽ കണ്ടെത്താൻ കഴിയാത്തതിനാൽ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി. എന്നാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇവർ വോട്ട് ചെയ്തിട്ടുണ്ട്. കർണകി സീനിയർ ബേസിക് സ്കൂളിലെ ബൂത്ത് നമ്പർ 55ലെ ക്രമനമ്പർ 6, 7, 165,180 തുടങ്ങിയവർ എസ്ഐആറിൽ അജ്ഞാതരാണ്. ഇവരും ഉപതെരഞ്ഞെടുപ്പിൽ ബൂത്തിലെത്തി വോട്ടു ചെയ്തു.
ബിജെപി ശക്തികേന്ദ്രങ്ങളിൽ ഇത്തരം വോട്ടർമാരിലൂടെ വോട്ടുകൊള്ള നടക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ശക്തിപ്പെടുന്നത്. ബിഎൽഒമാർ എന്യൂമറേഷൻ ഫോം കൃത്യമായി ആളുകളിൽ എത്തിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ബിജെപി വാദം. എന്നാൽ ഇക്കാര്യം പരസ്യമായി വിശദീകരിക്കാൻ അവർ തയാറല്ല.
ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളിലെ വോട്ടർമാരെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് യുക്തിസഹമായി വിശദീകരിക്കാനും അവർക്ക് കഴിയുന്നില്ല. പുറത്തുവന്ന കണക്കുകൾ പ്രകാരം പാലക്കാട്ടെ ബിജെപി ശക്തി കേന്ദ്രങ്ങളിലെ വാർഡുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ 50 ശതമാനത്തിലധികം അജ്ഞാത വോട്ടർമാരാണ്.
Adjust Story Font
16

