Quantcast

പാലക്കാട് സുബൈർ വധക്കേസ്: ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹകടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി

MediaOne Logo

Web Desk

  • Updated:

    2022-05-06 13:32:42.0

Published:

6 May 2022 11:10 AM GMT

പാലക്കാട് സുബൈർ വധക്കേസ്: ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹകടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ
X

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് എസ് സുചിത്രൻ (32), ജില്ലാ കാര്യകാര്യ ദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി. കെ ചള്ള ആർ. ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. സുബൈറിനെ കൊലപ്പെടുത്താൻ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇന്ന് മൂന്നു പേരെ കൂടി പിടികൂടിയതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഇന്നലെ ഒരാൾകൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. കഴിഞ്ഞ ദിവസം കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. മറ്റുപ്രതികളെ ബൈക്കുകൾ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു. തെളിവെടുപ്പിൽ പൊളിച്ചു മാറ്റിയബൈക്കുകളുടെ നമ്പർ പ്ലേറ്റ് ലഭിച്ചു.

ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്. ഏപ്രിൽ 15ന്‌ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.



Palakkad Zubair murder case: Three more arrested

TAGS :

Next Story