'പാലത്തായി പീഡനക്കേസ് പ്രതിക്ക് പരോൾ അനുവദിച്ചത് സിപിഎം-ബിജെപി പരസ്യ ബന്ധത്തിന്റെ തെളിവ്'; പിഎംഎ സലാം
പരാജയം മുന്നിൽകണ്ട് സിപിഎം ബിജെപിയുമായി ബാന്ധവത്തിലേർപ്പെടുകയാണെന്നും സലാം മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: പാലത്തായി പീഡനക്കേസ് പ്രതി കെ.പത്മരാജന് സർക്കാർ പരോൾ അനുവദിച്ചത് സിപിഎം-ബിജെപി പരസ്യ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പരാജയം മുന്നിൽകണ്ട് സിപിഎം ബിജെപിയുമായി ബാന്ധവത്തിലേർപ്പെടുകയാണ്. ഇരു പാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതാണ്. അതിലെ ഏറ്റവും ഒടുവിലുള്ള ഉദാഹരണമാണിത്. ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ ഒരു മാസത്തെ പരോൾ അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണെന്ന് പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു.
കേസന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിയെ രക്ഷിക്കാൻ സിപിഎം നേതാക്കളും എംഎൽഎമാരും ശ്രമിച്ചിരുന്നുവെന്നും, കോടതി ശക്തമായ നിലപാട് എടുത്തതിനാലാണ് പ്രതി ശിക്ഷിക്കപ്പെട്ടതെന്നെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ സീറ്റ് ചർച്ചകൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നും കാര്യമായ തർക്കങ്ങളൊന്നുമില്ലെന്നും പി.എം.എ സലാം പറഞ്ഞു. അനിലവിൽ യു.ഡി.എഫ് ജാഥ നടക്കുന്നതിനാലുള്ള അസൗകര്യം കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും ഉടൻ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിനനുസരിച്ച് മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും, താൻ മത്സരരംഗത്തുണ്ടാകുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

