Quantcast

'ഒരു മതവും ഭീകരതയെ അംഗീകരിക്കുന്നില്ല,പഹൽഗാം ഭീകരാക്രമണം മറക്കാൻ കഴിയില്ല': ഡോ. വി.പി സുഹൈബ് മൗലവി

ഒരു മനുഷ്യനെ വധിച്ചാൽ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും വധിച്ചത് പോലെയുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-06-07 04:54:34.0

Published:

7 Jun 2025 9:12 AM IST

VP Suhaib Moulavi
X

തിരുവനന്തപുരം: ഒരു മതവും ഭീകരതയെ അംഗീകരിക്കുന്നില്ലെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രത വേണം. പഹൽഗാം ഭീകരാക്രമണം മറക്കാൻ കഴിയില്ല. ഒരു മനുഷ്യനെ വധിച്ചാൽ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും വധിച്ചത് പോലെയുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു സുഹൈബ് മൗലവി.

പഹൽഗാമിൽ കൊല്ലപ്പെട്ട ആദിൽ അടക്കമുള്ളവര്‍ മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കാനാകില്ലെന്ന് ഭീകരരോട് പറഞ്ഞു. രാജ്യത്തിന്‍റെ സൈന്യം നൽകിയ തിരിച്ചടി മാതൃകാപരമാണ്. സൈന്യത്തിന് ആദരം അർപ്പിക്കുന്നു. വഖഫ് ഭേദഗതിയിലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവും നിരീക്ഷണവും ആശ്വാസം നൽകുന്നതാണെന്നും മൗലവി പറഞ്ഞു. സുപ്രിം കോടതിയിൽ നിന്ന് അന്തിമമായ വിധി ഉണ്ടായിട്ടില്ല . നിർണായക നിരീക്ഷണങ്ങൾ ഉണ്ടായി. സുപ്രിം കോടതിയുടെ നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്. ആവശ്യമായ നിയമ പോരാട്ടങ്ങൾ എടുത്തുകൊണ്ട് മുന്നോട്ട് നീങ്ങണം. നീതിയുക്തമായ വിധി ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ഭൂപടത്തിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ഇസ്രയേൽ ശ്രമിക്കുകയാണെന്ന് മൗലവി ചൂണ്ടിക്കാട്ടി. കുഞ്ഞു കുട്ടികളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് കൊണ്ടു പോലും ഇസ്രയേൽ ക്രൂരത കാണിക്കുന്നു. ഭൂമിയിൽ എല്ലാവരും ഒരുപോലെ വിശന്നിരിക്കുന്ന ഒരിടമാണ് ഫലസ്തീൻ.ഭക്ഷണം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഫലസ്തീനികളെ ഇസ്രായേൽ കൊല്ലുന്നു. അറബ് ലോകത്തെ രാജാക്കന്മാർക്ക് പോലും ഫലസ്തീനുവേണ്ടി ശബ്ദമുയർത്താൻ കഴിയുന്നില്ല. ഗസ്സയുടെ കാര്യത്തിൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് അങ്ങേയറ്റം കുറ്റകരമായ മൗനമാണ്. ഗസ്സയിലെ ജനങ്ങൾ പുഞ്ചിരിക്കുന്ന ഒരു നാളെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



TAGS :

Next Story