കട്ടിപ്പാറയിൽ പുഴയിലേക്ക് മാലിന്യം തള്ളി അറവുമാലിന്യ സംസ്കരണ കേന്ദ്രം; പിടികൂടി പഞ്ചായത്ത് ആരോഗ്യവിഭാഗം
ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് സംസ്കരിക്കാത്ത മാലിന്യവും സ്ലറിയും അനധികൃത കെട്ടിടത്തിൽ സൂക്ഷിക്കുകയും പുഴയിലേക്ക് ഒഴുക്കുകയും ചെയ്തത്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രം പുഴയിലേക്ക് മാലിന്യം തള്ളുന്നത് പിടികൂടി പഞ്ചായത്ത് ആരോഗ്യവിഭാഗം. ഫ്രഷ് കട്ട് എന്ന സ്ഥാപനമാണ് സംസ്കരിക്കാത്ത മാലിന്യവും സ്ലറിയും അനധികൃത കെട്ടിടത്തിൽ സൂക്ഷിക്കുകയും പുഴയിലേക്ക് ഒഴുക്കുകയും ചെയ്തത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
താമരശ്ശേരി കട്ടിപ്പാറയില്‍ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം സംസ്കരിക്കാതെ മാലിന്യം സൂക്ഷിക്കുന്നതും അത് സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിടുന്നതുമാണ് താമരശ്ശേരി - ഓമശ്ശേരി - കോടഞ്ചേരി പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗങ്ങള്‍ സംയുക്ത പരിശോധനയിലൂടെ കണ്ടെത്തിയത്. ഫാക്ടറിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിടത്തിലാണ് ടൺ കണക്കിന് കോഴി മാലിന്യം സംസ്കരിക്കാതെ സൂക്ഷിച്ചിരുന്നത്. ഫ്രഷ് കട്ട് ഫാക്ടറിയിൽ നിന്നും ടാങ്കർ ലോറിയിൽ എത്തിച്ച സ്ലറി ടാങ്കിൽ സൂക്ഷിക്കുകയും അത് പൈപ്പ് സ്ഥാപിച്ച് ഇരുതുള്ളി പുഴയിലേക്ക് ഒഴുകുന്നതും ഉദ്യോഗസ്ഥർ കണ്ടെത്തി.
മൂന്നു പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും സ്ഥലം സന്ദർശിച്ചു. ദ്രവ മാലിന്യം വിവിധയിടങ്ങളിൽ തള്ളിയ ഫ്രഷ് കട്ട് ഫാക്ടറിയുടെ ടാങ്കർ ലോറി കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് സ്ഥാപനത്തിനുള്ള ലൈസന്‍സ് പുതുക്കി നല്കിയിട്ടില്ല.
Adjust Story Font
16

