Quantcast

പാനൂർ ബോംബ് സ്ഫോടനം: കൂടുതൽ പേർക്ക് പ​​ങ്കെന്ന് പൊലീസ്, ഗൂഢാലോചന നടന്നു

അറസ്റ്റിലായ നാല് പേരും സിപിഎം അനുഭാവികളാണ്

MediaOne Logo

Web Desk

  • Updated:

    2024-04-06 19:30:53.0

Published:

6 April 2024 5:38 PM GMT

panoor bomb blast case
X

കണ്ണൂർ: പാനൂർ സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.

കേസിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കുന്നോത്ത്പറമ്പ് സ്വദേശികളായ സി. സായൂജ്, അതുൽ കെ, ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ നാല് പേരും സിപിഎം അനുഭാവികളാണ്. പ്രതികളെ സ്ഫോടനം നടന്ന സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു.

സ്​ഫോടനത്തിനിടെ കൊല്ലപ്പെട്ട ഷെറിനും ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള വിനീഷിനൊപ്പം സംഭവ സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ രണ്ടുപേർ നിസ്സാര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ളത്.

ഇവരെ ആശുപത്രിയിൽ എത്തിച്ച ചെണ്ടയാട് സ്വദേശി അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെ കുറിച്ച് കൂടി വിവരം ലഭിച്ചത്. പിന്നാലെ ഷബിൻ ലാലിനെയും അതുലിനെയും കസ്റ്റഡിയിൽ എടുത്തു.

അറസ്റ് രേഖപ്പെടുത്തിയ ശേഷം പാനൂർ സിഐയുടെ നേതൃത്വത്തിലുള്ള ​​പൊലീസ് സംഘം ഇവരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സ്ഥലത്ത് നിന്ന് ഏഴ് ബോംബുകൾ കൂടി കണ്ടെടുത്തിട്ടുണ്ട്.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സായൂജ് എന്ന ആളെ പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ പാനൂർ സ്റ്റേഷനിൽ എത്തിച്ച ശേഷം വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നിസ്സാര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.

പാനൂർ സ്ഫോടനത്തിന് പിന്നാലെ ബോംബ് രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുകയാണ് യുഡിഎഫ്. പരാജയഭീതിയിൽ സിപിഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഉപകരണം ആകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. കലാപാസൂത്രണവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ യുഡിഎഫ് സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു.

എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് മുഖ്യമന്ത്രയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു. പാനൂർ സ്ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും ​​പൊലീസ് ഗൗരവമായി അന്വേഷണം നടത്തുന്നുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി..

TAGS :

Next Story