പത്തനംതിട്ട മല്ലപ്പള്ളിയിൽ അർജുൻ ആയങ്കിക്കായി രാത്രിയിൽ പൊലീസ് റെയ്ഡ്; പ്രതിഷേധവുമായി സിപിഎം
ജനലും വാതിലുമില്ലാത്ത പാവപ്പെട്ട പട്ടികജാതിക്കാരുടെ വീടുകളിൽ ഉൾപ്പെടെയാണ് പൊലീസ് പരിശോധന നടത്തിയത്

പത്തനംതിട്ട: മല്ലപ്പള്ളി കാട്ടമല മേഖലയിൽ അർജുൻ ആയങ്കിയെ കണ്ടെത്താനായി പൊലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ. ജനവാസ മേഖലയിലെ വീടുകളിൽ അർദ്ധരാത്രി പൊലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അറുപതോളം വീടുകളുള്ള കാട്ടമല പ്രദേശത്ത് രാത്രി 11.30ന് ശേഷമാണ് വൻ പൊലീസ് സന്നാഹം എത്തിയത്. ആദ്യം ഒരു പൊലീസ് വാഹനം മാത്രമാണ് വന്നതെങ്കിലും, പിന്നീട് എട്ട് വാഹനങ്ങളിലായി അറുപതോളം പൊലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അർജുൻ ആയങ്കി ഇവിടെ ഒളിവിൽ കഴിയുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു തിരച്ചിൽ. എന്നാൽ, രാത്രി ഒമ്പത് മണിയോടെ തന്നെ അർജുൻ ആയങ്കി എവിടെയുണ്ടെന്ന് പൊലീസ് ലൊക്കേറ്റ് ചെയ്തിരുന്നതായും, ഇതിനുശേഷമാണ് ബോധപൂർവ്വം പ്രദേശത്ത് റെയ്ഡ് നടത്തിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
യാതൊരു അനുവാദവും ഇല്ലാതെയാണ് പൊലീസ് വീടുകളിലേക്ക് ഇരച്ചുകയറിയത്. വാതിലുകളും ജനലുകളും പോലുമില്ലാത്ത, ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ വീടുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തി. തങ്കമണി എന്ന പ്രദേശവാസിയുടെ വീടിന്റെ വാതിൽ പൊലീസ് ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയതെന്നും ആരോപണമുണ്ട്. പൊലീസിന്റെ അതിക്രമം നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെയാണ് പരിശോധന അവസാനിപ്പിക്കാൻ പൊലീസ് തയ്യാറായത്.
പൊലീസ് നടപടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥുന്റെ വീടാണ് പൊലീസ് ആദ്യം റെയ്ഡ് ചെയ്തത്. ഇതിനുപിന്നാലെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രാഹുലിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. അർജുൻ ആയങ്കിയുടെ പേരില്‍ പ്രദേശത്ത് പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി.
Adjust Story Font
16

