പത്തനംതിട്ടയിൽ ദലിത് കുടുംബത്തിന് പൊലീസ് മര്‍ദനം; എസ്ഐക്ക് സ്ഥലമാറ്റം
അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന ശേഷം കൂടുതൽ നടപടിക്ക് സാധ്യത

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് കുടുംബത്തെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ എസ്ഐക്ക് സ്ഥലംമാറ്റം. എസ്ഐ ജിനുവിനെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്. ക്രമ സമാധാനച്ചുമതലയിൽ നിന്ന് മാറ്റി നിർത്തും. അന്വേഷണ റിപ്പോർട്ട് പുറത്തു വന്ന ശേഷം കൂടുതൽ നടപടിക്ക് സാധ്യത.
ഇന്നലെ രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ അകാരണമായി തല്ലിച്ചതച്ചത്. ലാത്തിയടിയിൽ ശ്രീജിത്ത് എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു. ശ്രീജിത്തിന്‍റെ ഭാര്യ സിതാരക്കും അടിയേറ്റു. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് ദലിത് കുടുംബത്തെ പൊലീസ് തല്ലിച്ചതച്ചത്.
എസ് ഐ ജിനുവും സംഘവും ആളു മാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ദക്ഷിണ മേഖല ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാർ ജനറൽ ആശുപത്രിയിലെത്തി കുടുംബത്തിന്‍റെ മൊഴിയെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
സിതാരയുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളിൽ ആരുടെയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Adjust Story Font
16

