പത്തനംതിട്ട തൂത്തുവാരുമെന്ന് യുഡിഎഫ്; അഞ്ച് മണ്ഡലങ്ങൾ പിടിക്കുമെന്ന് എൽഡിഎഫ്
പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും അതിശക്തമായ പോളിങ്ങാണ് ഇത്തവണ ദൃശ്യമായത്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയും പ്രളയ ഓഡിയോ വിവാദവും ചർച്ചയായ പത്തനംതിട്ടയിൽ 70.76 ശതമാനമാണ് പോളിങ്. ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും ജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. എന്നാൽ അഞ്ച് മണ്ഡലങ്ങളും നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.
പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും അതിശക്തമായ പോളിങ്ങാണ് ഇത്തവണ ദൃശ്യമായത്. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 70.76 ശതമാനം വോട്ടർമാർ പോളിങ് ബൂത്തിലെത്തി. രാവിലെ മുതൽ തന്നെ മിക്ക കേന്ദ്രങ്ങളിലും നീണ്ട നിരയുണ്ടായിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷമാണ് പോളിങ് കുത്തനെ ഉയർന്നത്.
ആറന്മുളയിലും തിരുവല്ലയിലും നടന്ന തീപാറുന്ന ത്രികോണ മത്സരം തന്നെയാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വോട്ടെടുപ്പിനെ എത്രത്തോളം സ്വാധീനിച്ചു എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മലയോര മേഖലയിലെ വന്യമൃഗശല്യവും റബ്ബർ വിലയിടിവും വികസന മുരടിപ്പും സജീവ ചർച്ചയായ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ വലിയ പങ്കാളിത്തവും ശ്രദ്ധേയമായി.
ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നെങ്കിലും ജില്ലയിൽ പോളിങ് പൊതുവേ സമാധാനപരമായിരുന്നു. സുരക്ഷയ്ക്കായി മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. വോട്ടെടുപ്പ് പൂർത്തിയായതോടെ ബാലറ്റ് പെട്ടികൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. ഇനി മെയ് നാലിന്‍റെ വിധിദിനത്തിനായി കാത്തിരിക്കുകയാണ് പത്തനംതിട്ട.
Adjust Story Font
16

