ക്രൈസ്തവ സഭകൾക്കെതിരായ പരാമർശം: പി.സി. ജോർജിനും ഷോൺ ജോർജിനും ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം
ആലപ്പുഴയിലെ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ കോർ കമ്മിറ്റി യോഗത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും വിമർശനം. ക്രൈസ്തവ സഭകളെ ഒന്നടങ്കം പരസ്യമായി വിമർശിച്ച പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും നടപടി തെറ്റായിപ്പോയെന്നാണ് കോർ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതിന് പുറമെ, ആലപ്പുഴയിലെ ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി.
ബിജെപിയുമായി സഹകരിക്കുന്ന സഭാ നേതൃത്വങ്ങളുണ്ടെന്നും, എല്ലാവരെയും ഒരേ കോണിലൂടെ കണ്ട് വിമർശിക്കുന്നത് തിരിച്ചടിയാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ചൂണ്ടിക്കാട്ടി. എതിർക്കുന്ന സഭകൾ നാളെ ഏതെങ്കിലും സഹായം തേടി കേന്ദ്ര സർക്കാരിന്റെയോ പാർട്ടിയുടെയോ അടുത്തെത്തുമ്പോൾ മാത്രം കൃത്യമായ മറുപടി നൽകിയാൽ മതിയാകും. അല്ലാതെ പരസ്യമായ ഏറ്റുമുട്ടലിന് പോകേണ്ടിയിരുന്നില്ലെന്ന നിലപാടാണ് നേതാക്കൾക്കിടയിൽ പൊതുവെ ഉയർന്നത്.
എഫ്സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സഭാവിമർശനങ്ങളിൽ പാർട്ടി ഔദ്യോഗികമായി ഇതുവരെ നിലപാടെടുത്തിട്ടില്ല. എന്നാൽ, പൂഞ്ഞാറിലും പാലയിലും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ചില സഭാ നേതൃത്വങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷോണും പി.സി ജോർജും പ്രകോപിതരായി രംഗത്തെത്തിയത്. ഇതിനിടെ, ആർഎസ്എസ് മുഖമാസികയായ 'കേസരി'യിലൂടെ ക്രിസ്ത്യൻ സഭകൾക്കെതിരെയും ബിജെപിയുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയും രൂക്ഷവിമർശനം ഉയർന്നതും ബിജെപിയിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പി.സി ജോർജിന്റെയും മകന്റെയും പ്രസ്താവനകളെ തള്ളിക്കളയാനുള്ള ബിജെപി നേതൃത്വത്തിന്റെ പുതിയ നീക്കം ശ്രദ്ധേയമാകുന്നത്.
യോഗത്തിലെ മറ്റൊരു പ്രധാന ചർച്ചാവിഷയം ആലപ്പുഴയിലെ ഓഡിയോ ക്ലിപ്പ് വിവാദമായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനാണ് ശോഭാ സുരേന്ദ്രനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആലപ്പുഴ നോർത്ത് ജില്ലാ മുൻ വൈസ് പ്രസിഡന്റ് ബിന്ദുവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് പാർട്ടി തലത്തിലും തനിക്ക് വ്യക്തിപരമായും വലിയ അവമതിപ്പുണ്ടാക്കിയെന്ന് അദ്ദേഹം യോഗത്തിൽ തുറന്നടിച്ചു. പൊതുസമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും താൻ നാണംകെട്ടതായും, ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെ. സോമൻ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു.
Adjust Story Font
16

