Quantcast

പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ബിജെപി; പി.സി ജോർജിനെ എ.ആർ ക്യാമ്പിലെത്തിച്ചു

നാളെ രാവിലെ 9 മണിക്ക് പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കും

MediaOne Logo

Web Desk

  • Updated:

    2022-05-25 19:41:38.0

Published:

25 May 2022 7:36 PM GMT

പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ബിജെപി; പി.സി ജോർജിനെ എ.ആർ ക്യാമ്പിലെത്തിച്ചു
X

തിരുവനന്തപുരം: വിദ്വേഷക്കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ പി.സി ജോർജിനെ തിരുവനന്തപുരം എ.ആർ ക്യാമ്പിലെത്തിച്ചു. രാത്രി 12.30 ഓടെയാണ് ക്യാമ്പിലെത്തിച്ചത്. കൊല്ലം ശക്തികുളങ്ങരയിൽ ഹിന്ദു ഐക്യവേദി പി.സി ജോർജിന്റെ വാഹനത്തെ താലപ്പൊലിയും പുഷ്പവൃഷ്ടിയും നടത്തി സ്വീകരിച്ചു. അമ്പലപ്പുഴയിൽ ബിജെപി പ്രവർത്തകർ പിസി ജോർജിന് അഭിവാദ്യവുമായി എത്തി. എന്നാൽ ഓച്ചിറയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ഐഎൻഎൽ പ്രവർത്തകരും പ്രതിഷേധവുമായെത്തി.

നാളെ രാവിലെ 9 മണിക്ക് പി.സി ജോര്‍ജിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേൾക്കും. ഇന്നു രാത്രി തന്നെ ജാമ്യം പരിഗണിക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്‍റെ ആവശ്യം. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഫോര്‍ട്ട് പൊലീസ് എറണാകുളം എ.ആര്‍ ക്യാമ്പിലെത്തിയാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫോര്‍ട്ട് പൊലീസ് പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെയാണ് പി.സി ജോര്‍ജിന് രക്ത സമ്മര്‍ദമുണ്ടായത്. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗത്തില്‍ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

അതേസമയം, പൊലീസ് ആവശ്യപ്പെട്ടാൽ ഏത് സമയത്തും കോടതിയിൽ ഹാജരാകണമെന്ന് പി.സി ജോർജ് അറസ്റ്റിലായ തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർക്ക് ഉന്നത നിർദേശം. അറസ്റ്റ് രേഖപ്പെടുത്തിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്‌ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ നിർദേശം നൽകിയത്. പി.സി ജോർജിന്റെ ജാമ്യഹരജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ ഹാജരാവാത്തത് വിവാദമായിരുന്നു.

പൊലീസ് ആവശ്യപ്പെട്ടിട്ടും അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ജഡ്ജിയുടെ വീട്ടിൽ നടക്കുന്ന കോടതി നടപടികളിൽ ഹാജരാകാറില്ലെന്ന് വിശദീകരണം നൽകിയാണ് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത്. പ്രോസിക്യൂട്ടറുടെ അഭാവത്തെ തുടർന്ന് വാദങ്ങൾ ഉന്നയിച്ചത് പൊലീസായിരുന്നു. തുടർന്ന് മതവിദ്വേഷകരമായ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ദിവസം തന്നെ പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു.


Former MLA PC George, who was arrested in a hate case, was brought to the Thiruvananthapuram AR camp.

TAGS :

Next Story