Quantcast

'എന്ത് ഊളത്തരവും വിളിച്ചുപറയുന്ന തലക്ക് സ്ഥിരതയില്ലാത്ത പിതാക്കൻമാരുണ്ട്, ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്': പി.സി ജോർജ്

ബിജെപിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ലെന്നും പി.സി ജോർജ്

MediaOne Logo

Web Desk

  • Published:

    1 April 2026 11:10 AM IST

എന്ത് ഊളത്തരവും വിളിച്ചുപറയുന്ന തലക്ക് സ്ഥിരതയില്ലാത്ത പിതാക്കൻമാരുണ്ട്, ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നത് ബിജെപിയുടെ മാന്യതകൊണ്ട്: പി.സി ജോർജ്
X

പൂഞ്ഞാർ: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ)യിൽ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ ആക്ഷേപിച്ച് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി.സി ജോര്‍ജ്. ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എന്ത് ഊളത്തരവും വിളിച്ച് പറയുന്ന പിതാക്കൻമാരുണ്ട്. ബിജെപി എന്ന് കേട്ടാൽ ഹാൽ ഇളകും. ഇവർക്കൊന്നും തലക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദ​ഗതിയിൽ ആർക്കും ആശങ്ക വേണ്ട. ബിജെപിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിൽ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനിയുള്ളൂ. പിന്നെന്തിനാ ഇങ്ങനെ കിടന്നുചാടുന്നത്. ബിജെപിയുടെ മാന്യതകൊണ്ടാണ് അവരെ ചുമന്നുകൊണ്ടു നടക്കുന്നത്. ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല'.- പി.സി ജോർജ് പറഞ്ഞു.

'കോൺ​ഗ്രസ് ഭരിച്ചപ്പോ പോലും ഇത്രയും ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ. ഇതൊക്കെ ഒളിച്ചുവെച്ച് കൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്'. - അദ്ദേഹം വിമർശിച്ചു.

അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്സിആർഎ ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭാനേതൃത്വം രം​ഗത്തെത്തിയിരുന്നു. പുതിയ ബില്ല് ഭരണഘടനാ വരുദ്ധവും വ്യക്തികളുടേയും പൗരൻമാരുടേയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിമർശിച്ചു. പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നതാണ്. സ്വത്തുകൾ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ പറഞ്ഞു. അപ്രതീക്ഷമായാണ് എഫ്സിആർഎയിൽ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കുട്ടിചേർത്തു.

നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന ആവശ്യം സിബിസിഐയും ശക്തമാക്കി. ബിൽ പാർലമെൻ്റിൽ പരിഗണനക്ക് എടുക്കുമ്പോൾ എംപിമാർ സഭയിൽ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. എഫ്‍സിആര്‍എ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാനായി മറ്റുന്യൂനപക്ഷ മതസംഘടനകളെ കൂടെ കൂട്ടിയുള്ള പോരാട്ടത്തിനാണ് സിബിസിഐ തയാറെടുക്കുന്നത്. ഇതിനായി കോർഗ്രൂപ്പ് രൂപീകരിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.മാത്യു കോയിക്കൽ ആണ് കൺവീനർ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയിരിക്കുന്ന ലോക്‌സഭാ അംഗങ്ങൾ ബില്ലിലെ അപകടം തിരിച്ചറിഞ്ഞ് ഡൽഹിയിൽ എത്തണമെന്നാണ് സിബിസിഐയുടെ ആവശ്യം.

കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ തുറന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മറ്റ് സഭകളുമായി കൂടിയാലോചന നടത്തുമെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും അറിയിച്ചിരുന്നു.

TAGS :

Next Story