Quantcast

'ഹിന്ദു ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകൾക്ക് 10 പ്രസവിച്ചിട്ടും മതിയാകുന്നില്ല'-വിദ്വേഷ പ്രസംഗവുമായി പി.സി ജോർജ്

താൻ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലിൽ കൂടുതൽ മക്കൾ വേണമെന്ന് പറയാറുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-11-27 05:53:04.0

Published:

27 Nov 2023 4:42 AM GMT

PC George hate speech against muslims
X

തിരുവല്ല: 2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികൾ പ്രവർത്തിക്കുന്നതെന്ന് പി.സി ജോർജ്. ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ മുസ്‌ലിം സ്ത്രീകൾ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നിൽക്കുകയാണ്. താൻ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലിൽ കൂടുതൽ മക്കൾ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയിൽ 'ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകൾ പ്രസവിക്കാൻ തയ്യാറാവണം. ഈരാറ്റുപേട്ടയിൽ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതിൽ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയിൽ പൊലീസിന് കൂടുതൽ സംവിധാനങ്ങൾ വേണമെന്നും എൻ.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാർത്തിക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് റിപ്പോർട്ട് നൽകിയത്. ഹിന്ദു ജനസംഖ്യ 10 വർഷം കൊണ്ട് ഒമ്പത് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകൾ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിർത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുക. അവരുടെ തണലിൽനിന്ന് ക്രിസ്ത്യാനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കിൽ കിടന്നുറങ്ങിയാൽ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോർജ് പറഞ്ഞു.

കേരളത്തിൽ നൂറിൽ കൂടുതൽ തീവ്രവാദ സ്ലീപ്പിങ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ്. മോദി ഇപ്പോൾ ഭരിക്കുന്നില്ലായിരുന്നെങ്കിൽ ഹമാസ് ഭീകരതയുമായി മുന്നോട്ട് പോയാൽ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. എൻ.ഐ.എയും ഇ.ഡിയും ഇല്ലായിരുന്നെങ്കിൽ ജീവിക്കാൻ പോലും സാധ്യമല്ലാത്ത നിലയിലേക്ക് ഈ നാട് മാറുമായിരുന്നുവെന്നും ജോർജ് പറഞ്ഞു.

ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തിൽ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെൺമക്കളെ ഈ കശ്മലൻമാർ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കിൽ ഹിന്ദുക്കൾ ഒരുമിച്ച് നിൽക്കണം. പെൺകുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആൾക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഹരിയുടെ നേതൃത്വത്തിൽ ആർ.എസ്.എസുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താൻ നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ആർ.എസ്.എസുകാർ തടഞ്ഞു. അവരുടെ ക്യാമ്പിൽ സംസാരിച്ചിട്ട് കൊണ്ടുപോയാൽ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാർക്ക് ഒന്നും ചെയ്യാനായില്ല. അവർ ഭയന്നു നിൽക്കുകയായിരുന്നു. ഒടുവിൽ ആർ.എസ്.എസ് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പറയണമെന്ന് പൊലീസുകാർ തന്നോട് അഭ്യർഥിച്ചു. താൻ പറഞ്ഞിട്ടാണ് അന്ന് ആർ.എസ്.എസുകാർ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആർ.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നിൽക്കണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോലും പോകരുത്. നമ്മുടെ ഉള്ളിൽ തന്നെ തീർക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നിൽക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

TAGS :

Next Story