പി.സി ജോർജിന്റെ അറസ്റ്റ് നാടകം; ബി.ജെ.പിയെ സഹായിക്കാൻ മുൻകൂട്ടി തയാറാക്കിയ തിരക്കഥ: എം.എം ഹസ്സൻ

''ഒന്നാം പ്രളയത്തിനുശേഷം നവകേരള സൃഷ്ടിക്കായി സ്വരൂപിച്ച പണം പിണറായി സർക്കാർ വകമാറ്റി ചെലവഴിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് സഹായമായി കേരളത്തെ തേടിയെത്തിയത്.''

MediaOne Logo

Web Desk

  • Updated:

    2022-05-25 15:05:56.0

Published:

25 May 2022 3:05 PM GMT

പി.സി ജോർജിന്റെ അറസ്റ്റ് നാടകം; ബി.ജെ.പിയെ സഹായിക്കാൻ മുൻകൂട്ടി തയാറാക്കിയ തിരക്കഥ: എം.എം ഹസ്സൻ
X

കൊച്ചി: പി.സി ജോർജിൻറെ അറസ്റ്റ് നാടകം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുഭരണത്തിൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. യു.ഡി.എഫ് ഭരണകാലത്തുള്ള വികസന പദ്ധതികൾ മാത്രമാണ് ഇടതുസർക്കാരിൻറെ ആറുവർഷത്തെ ഭരണനേട്ടത്തിൻറെ പട്ടികയിലുള്ളത്. കേരളത്തിൽ എന്തു വികസനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന വികസന മുരടിപ്പ് നേരിടുന്ന സമയത്താണ് വികസനത്തിന്റെ പേരിൽ മുഖ്യമന്ത്രി വോട്ടുചോദിക്കുന്നതെന്നും ഹസ്സൻ കുറ്റപ്പെടുത്തി.

2015ൽ യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച വിഴിഞ്ഞം പദ്ധതി 2019ൽ പൂർത്തിയാക്കുമെന്ന് അദാനിയുമായി സർക്കാർ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ 2022 ആയിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല. 2026 ആയാലും പദ്ധതി പൂർത്തിയാകുമോ എന്നത് സംശയമാണ്. യു.ഡി.എഫ് സർക്കാർ തുടങ്ങിവച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത ഇടതുസർക്കാർ എന്തുതരം വികസനമാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. സമാനമായ സ്ഥിതിയിൽ കണ്ണൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം വർധിപ്പിക്കുമെന്ന് പറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അത് നടപ്പാക്കിയില്ല. ഒന്നാം പ്രളയത്തിനുശേഷം നവകേരള സൃഷ്ടിക്കായി സ്വരൂപിച്ച പണം പിണറായി സർക്കാർ വകമാറ്റി ചെലവഴിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് സഹായമായി കേരളത്തെ തേടിയെത്തിയത്. ബജറ്റിൽ ഉൾപ്പെടുത്തി തുക മാറ്റിവച്ച പദ്ധതികളും നടപ്പാക്കിയിട്ടില്ലെന്നും ഹസ്സൻ പറഞ്ഞു.

''കെ-റെയിലിന് തിടുക്കം കാട്ടുന്ന സർക്കാർ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച ജലപാത എവിടെയെത്തി നിൽക്കുന്നുവെന്ന് പരിശോധിക്കണം. മലയോര, തീരദേശ ഹൈവേകളുടെ നിർമാണ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുകയാണ്. സർക്കാർ ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി പ്രഖ്യാപിച്ച മെഡിസിപ്പ് പദ്ധതി ഇതുവരെയും നടപ്പാക്കിയിട്ടില്ല. സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് പിന്നോട്ടുപോവുകയായിരുന്നു.''

പിണറായി സർക്കാരിന്റെ വികസനം തിരുവനന്തപുരത്തെ ആമ ഇഴഞ്ചാൻ തോട് പോലെയാണ്. കൊച്ചി മെട്രോ തൃക്കാക്കരയിലേക്ക് കൂടി നീട്ടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സിൽവർലൈൻ വിഷയത്തിൽ കോടതിയുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരംപറയാൻ സർക്കാരിന് കഴിയുന്നില്ല. സിൽവർലൈനിനെതിരെയാകും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുന്നത്. വികസനത്തിന്റെ പേരിൽ വോട്ട് ചോദിക്കാനുള്ള അർഹത മുഖ്യമന്ത്രിക്കില്ല. ഒരിക്കലും നടക്കാത്ത സ്വപ്നം പദ്ധതിയാണ് സിൽവർലൈനെന്നും ഹസ്സൻ പരിഹസിച്ചു.

സർക്കാരിനും പ്രോസിക്യൂഷനും എതിരായ പരാതികളാണ് അതിജീവിതയുടെ പരാതിയിലുള്ളത്. കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും എം.എം മണിയും മന്ത്രി ആന്റണി രാജുവും നടിയെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. അതിജീവിതയ്ക്കുവേണ്ടി ശക്തമായ ഇടപെടലുകൾ നടത്തിയത് പി.ടി തോമസായിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ പി.ടി തോമസ് പങ്കുവച്ച അതേ ആശങ്കയാണ് അതിജീവിത കോടതിയിൽ ഉന്നയിച്ചത്. ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.

Summary: PC George's arrest is a drama; Screenplay was prepared in advance to help the BJP, says UDF convener MM Hassan

TAGS :

Next Story