Quantcast

മഅ്ദനിക്കെതിരെ അപകീർത്തി പരാമർശം: പ്രൊ.ജി ഗോപകുമാറിനെതിരെ പരാതി നൽകി പിഡിപി

'' മഅ്ദനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയ ജി ഗോപകുമാര്‍ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം''

MediaOne Logo

Web Desk

  • Published:

    16 Jun 2025 5:15 PM IST

മഅ്ദനിക്കെതിരെ അപകീർത്തി പരാമർശം: പ്രൊ.ജി ഗോപകുമാറിനെതിരെ പരാതി നൽകി പിഡിപി
X

തിരുവനന്തപുരം : അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്രസര്‍വകാലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിഡിപിയുടെ പരാതി. കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നേര്‍ക്കുനേര്‍ പരിപാടിയിലാണ് മഅ്ദനിക്കെതിരെ ജി ഗോപകുമാര്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. മഅ്ദനി ദേശവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന് എത്രയോ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ടെന്നും, മഅ്ദനി പാകിസ്ഥാനില്‍ പോയതിന്റെ രേഖകള്‍ പാസ്പോര്‍ട്ടിലുണ്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

എന്നാല്‍ മഅ്ദനിക്കെതിരെ കേരള പൊലീസ് എടുത്ത ഏതെങ്കിലും കേസുകളില്‍ ഒന്നിലെങ്കിലും മഅ്ദനി വര്‍ഗീയതയോ തീവ്രവാദമോ ദേശവിരുദ്ധതയോ പ്രസംഗിച്ചതായി ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും തിരുവനന്തപുരം പിഡിപി ജില്ലാ പ്രസിഡന്റ് അഷറഫ് നഗരൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

''ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുള്‍പ്പെടെ പദവികള്‍ വഹിച്ചിരുന്ന ഒരാള്‍ രാഷ്ട്രീയ നിരീക്ഷണമായി അടിസ്ഥാനരഹിതവും പച്ചക്കള്ളവും നാലാംകിട രാഷ്ട്രീയക്കാരനേക്കാള്‍ തരംതാഴ്ന്ന പരാമര്‍ശങ്ങളും നടത്തി മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

മഅ്ദനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയ ജി ഗോപകുമാര്‍ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുന്നത് വരെ നിയമനടപടികളുമായി ഏതറ്റംവരേയും പോകുമെന്നും''- പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story