Quantcast

വോട്ടർമാർക്ക് പണം നൽകുന്ന തെളിവ് വന്നിട്ടും ശോഭ സുരേന്ദ്രൻ ന്യായീകരിക്കുകയാണ്, പാലക്കാട്ടെ ജനങ്ങൾ വിലയിരുത്തും: ഷാഫി പറമ്പിൽ

നാട്ടിൽ എന്ത് നടന്നാലും തന്റെ പേര് കൂട്ടിച്ചേർക്കേണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 April 2026 10:42 AM IST

വോട്ടർമാർക്ക് പണം നൽകുന്ന തെളിവ് വന്നിട്ടും ശോഭ സുരേന്ദ്രൻ ന്യായീകരിക്കുകയാണ്, പാലക്കാട്ടെ ജനങ്ങൾ വിലയിരുത്തും: ഷാഫി പറമ്പിൽ
X

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. പിഷാരടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ആക്രമിക്കുന്നതും അദ്ദേഹം ജയിക്കുമെന്ന് എതിരാളികൾ ഭയപ്പെടുന്നതുകൊണ്ടാണ്. പിഷാരടി ഒരു മതേതര നിലപാടുള്ള സ്ഥാനാർഥിയാണെന്നും ജനങ്ങൾ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയെന്നും ഷാഫി പറഞ്ഞു.

വോട്ടർമാർക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വസ്തുതകളെ അംഗീകരിക്കാതെ ന്യായീകരിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവർക്ക് നേരെ ആക്രോശിക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. വസ്തുതകൾ ജനമധ്യത്തിൽ എത്തുമ്പോൾ പരിഭ്രാന്തരായി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഇത്തരം പ്രസ്താവനകളും പെരുമാറ്റങ്ങളും കേരളത്തിലെ പൊതുസമൂഹം കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കിയെന്നത് വ്യക്തമായ തെളിവുകളോടെയാണ് പുറത്തുവന്നത്. എന്നാൽ ഈ യാഥാർഥ്യത്തെ നേരിടുന്നതിന് പകരം അനാവശ്യമായ നിഴൽ യുദ്ധം നടത്തി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനവിധി അട്ടിമറിക്കാൻ പണമൊഴുക്കുന്നവർക്ക് വോട്ടർമാർ തന്നെ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലൈംഗീക പീഡന പരാതിയിൽ പുറത്താക്കിയ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും പുറത്തുവന്ന ഓഡിയോ ക്ലിപ്പിലും യാതൊരു വസ്തുതയുമില്ലെന്ന് ഷാഫി വ്യക്തമാക്കി. നാട്ടിൽ എന്ത് നടന്നാലും അതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും, എന്തെങ്കിലും തെറ്റ് നടന്നിട്ടുണ്ടെങ്കിൽ അതിൽ നിയമനടപടിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story