Quantcast

പേരാവൂർ ചിട്ടി തട്ടിപ്പ്: സിപിഎമ്മിന്റെ വാദം പൊളിയുന്നു

ചിട്ടി അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-07 09:49:57.0

Published:

7 Oct 2021 4:24 AM GMT

പേരാവൂർ ചിട്ടി തട്ടിപ്പ്: സിപിഎമ്മിന്റെ വാദം പൊളിയുന്നു
X

കണ്ണൂര്‍ പേരാവൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഹൗസിങ് സൊസൈറ്റി ചിട്ടി നടത്തിയത് സഹകരണ വകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ചിട്ടി അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനും സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു.

ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനുളള ഭരണ സമിതിയുടെ നീക്കത്തിന് തിരിച്ചടിയായി. ബാധ്യതകളുടെ ഉത്തരവാദിത്വം ഭരണ സമിതിക്കെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-18 ലെ ഓഡിറ്റ് റിപ്പോര്‍ട്ട് സഹകരണ സംഘം പൂഴ്ത്തിയിരുന്നു.

2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്. ചിട്ടി ആരംഭിച്ചതിനു പിന്നാലെ ചിട്ടി നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടീസിനു മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു . പിരിഞ്ഞു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിക്കാതായതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനുളളത് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.

വിഷയത്തില്‍ ഇടപെട്ട സി പി എം പ്രാദേശിക നേതൃത്വം സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസിന്‍റെ ആസ്തികള്‍ ഈടായി നല്‍കാമെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം താത്കാലികമായി അവസാനിച്ചത്. എന്നാല്‍ തൊട്ട് പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയി.

ഇതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ചിട്ടി നടത്തിയിരുന്നതെന്നും ഇതിനെതിരെ 2018 മുതല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നും സഹകരണ സംഘം അസി.രജിസ്ട്രാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചിട്ടി നടത്തിയ വകയില്‍ രണ്ട് കോടി എഴുപത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിനിടെ പാര്‍ട്ടി നിയന്ത്രണത്തിലുളള ഭരണ സമിതിയെ തളളി സി പി എം ജില്ലാ നേതൃത്വം രംഗത്തെത്തി. സെക്രട്ടറിയെ കാണാതായതോടെ ഇയാളുടെ വീടിന് മുന്നില്‍ സമരം ആരംഭിച്ചിരിക്കുകയാണ് നിക്ഷേപകര്‍.

പിരിച്ചെടുത്ത തുക വക മാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.നിക്ഷേപ തുക വക മാറ്റി ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കരുതെന്ന 2013 ലെ സര്‍ക്കുലറും സംഘത്തിന്റെ മുതല്‍ സൂക്ഷിക്കാതിരുന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭരണ സമിതിക്കായിരിക്കുമെന്ന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പും സഹകരണ സംഘം മുഖവിലക്കെടുത്തില്ല.സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദിത്വം സെക്രട്ടറിയുടെ മേല്‍ ചാരി രക്ഷപെടാനുളള ഭരണ സമിതിയുടെയും സി പി എമ്മിന്റെയും നീക്കം കൂടിയാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വരുന്നതിലൂടെ തകരുന്നത്.

TAGS :

Next Story