ദലിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം: കൂടുതൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദലിത് യുവതിക്ക് ക്രൂരപീഡനമേൽക്കേണ്ടി വന്ന സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.
റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനാണ് നീക്കം. അതേസമയം തനിക്കെതിരെ വ്യാജ പരാതി നൽകിയ വീട്ടുടമസ്ഥരായ ഓമന ഡാനിയലിനും മകൾ നിഷക്കുമെതിരെ നിയമ നടപടിക്ക് നീങ്ങുകയാണ് ബിന്ദു. ഇവർക്കെതിരെ കോടതിയെ സമീപിച്ചേക്കും.
സംഭവത്തില്‍ ദേശീയപട്ടിക ജാതികമ്മീഷൻ ഇടപെടണമെന്ന് പരാതി. വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ 20 മണിക്കുറാണ് ബിന്ദുവിനെ ഉപദ്രവിച്ചത്. കുടിവെള്ളം പോലും നൽകാതെയായിരുന്നു പീഡനം. ബിന്ദുനിരപരാധിയെന്ന് തെളിഞ്ഞ സ്ഥിതിക്ക് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കുകയും ഉപദ്രവിക്കുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും നടപടിഎടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പട്ടികജാതിപീഡന നിരോധന വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്ന് ആണ് പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ആണ് പരാതി നൽകിയത്.
കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിൻകര സ്വദേശി ബിന്ദുവിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് സ്റ്റേഷനിൽ അനുഭവിക്കേണ്ടിവന്നത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.
Adjust Story Font
16

