'സർവകലാശാലയുടെ ഭൂമി കയ്യേറി, ഗവേഷണ കേന്ദ്രത്തിന് പകരം പാർട്ടി ഓഫീസ് നിർമ്മിച്ചു'; എകെജിപഠന ഗവേഷണ കേന്ദ്രം കൈവശം വച്ച ഭൂമിക്കെതിരെ ഹൈക്കോടതിയിൽ ഹരജി
മസില്‍ പവര്‍ ഉപയോഗിച്ച് സിപിഎം ഭൂമി തട്ടിയെടുത്തുവെന്നും വാദം

കൊച്ചി: കേരള സർവകലാശാലയുടെ ഭൂമി കയ്യേറി എന്ന് ആരോപിച്ച് എകെജി പഠന ഗവേഷണ കേന്ദ്രം കൈവശം വച്ച ഭൂമിക്കെതിരെ ഹൈക്കോടതിയിൽ ഹരജി. 55 സെന്റിലധികം വരുന്ന ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി ഹരജിയിൽ പറയുന്നു. കേരള സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആർ. എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗവേഷണ കേന്ദ്രത്തിന് പകരം പാർട്ടി ഓഫീസ് നിർമ്മിച്ചുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. കെട്ടിട നിർമാണത്തിന് മതിയായ അനുമതി നേടിയില്ല. ഭൂമി അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും അനധികൃതമായി കൈവശംവെച്ച ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ആവശ്യം.
തിരുവിതാംകൂര്‍ മഹാരാജാവ് 1944ല്‍ നല്‍കിയ ഭൂമിയാണ് സര്‍വകലാശാലയുടേത്. സ്വത്ത് അധികാരമോ നിയമപരമായ അനുമതിയോ ഇല്ലാതെ ഇതിൽ കെട്ടിടം നിര്‍മ്മിച്ചു. മസില്‍ പവര്‍ ഉപയോഗിച്ച് സിപിഎം ഭൂമി തട്ടിയെടുത്തു. സര്‍വകലാശാലാ ഭൂമി സിപിഎമ്മിന് വിട്ടുനല്‍കിയ 1977ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിക്കാരൻ കോടതിയിൽ. പുരാവസ്തു വകുപ്പ്, റവന്യൂ , മറ്റ് നിയമപരമായ ഓഫീസുകൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ഈ സർക്കാർ ഉത്തരവ് കണ്ടെത്താനാകുന്നില്ലെന്നും വാദം.
Adjust Story Font
16

