'ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം'; ഹൈക്കോടതിയില്‍ ഹരജി
ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Photo| Special Arrangement
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. സ്വർണം ഉള്‍പ്പടെയുള്ള ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ മാർഗനിർദേശങ്ങള്‍ നല്‍കണമെന്നും കൊല്ലം സ്വദേശി നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു. കൊല്ലം സ്വദേശി ആര്‍. രാജേന്ദ്രനാണ് ഹരജി നൽകിയത്.
സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ നിർദേശം നല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.
ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജിയെത്തിയത്.
എഡിജിപി തലത്തിലുള്ള അന്വേഷണത്തിനാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ദേവസ്വം ബോർഡും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്‌ഐടി അന്വേഷണം സർക്കാർ സ്വാഗതം ചെയ്തിരുന്നു. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെതിരെയാണ് നടപടി എടുക്കുക. സസ്പെൻഡ് ചെയ്യാനാണ് ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസം ബോർഡ് യോഗത്തിന്റെ തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ സ്വർണപ്പാളിയെ ചെമ്പെന്നെഴുതിയത് മുരാരി ബാബു ആയിരുന്നു.
എന്നാൽ, സ്വർണപ്പാളി മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചു. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമർശിക്കുന്നില്ല. തനിക്ക് 30 വർഷത്തെ സർവീസുള്ളയാളാണ്. ദേവസ്വം ബോർഡിന് വിധേയനായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.
Adjust Story Font
16

